കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എം പാനലുകാരുടെ സ്ഥാനത്ത് പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച് ച ഉദ്യോഗാർഥികൾക്ക് രണ്ട് ദിവസത്തിനകം നിയമന ഉത്തരവ് നൽകണമെന്ന് ഹൈകോടതി. സർവിസ് തടസ്സപ്പെടാതിരിക്കാൻ പുത ിയ ആളുകളോട് എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കണം. കോടതിക്ക് കെ.എസ്.ആർ.ടി.സിയിലുള്ള വിശ്വാസം നഷ്ട പ്പെട്ടെന്നും ഇത്രയും നാൾ ഇവർ ഭരണഘടനയോട് കാണിച്ചത് തട്ടിപ്പാണെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. എം പാനലുകാരെ ഒഴിവാക്കി പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയവരെ നിയമിക്കണെമന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി ആൻറണി സ്റ്റെജോ ഉൾപ്പെടെ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ ഹരജി മാറ്റി.
4071 എം പാനൽ കണ്ടക്ടർമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയെന്നും ചൊവ്വാഴ്ച മുതൽ എം പാനൽ കണ്ടക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. ഒാരോ യൂനിറ്റിലും ജോലി ചെയ്യുന്നവരുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് ഒരു ജനറൽ മെമ്മോറാണ്ടം 93 യൂനിറ്റിൽ പുറപ്പെടുവിച്ചു. ചൊവ്വാഴ്ച മുതൽ ഒരുയൂനിറ്റിലും എം പാനൽ കണ്ടക്ടർമാർ ജോലിക്കാരായി നിലവിലില്ല.
സീനിയോറിറ്റിയും ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കി 240 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് അയച്ചു. മറ്റുള്ളവർക്കും ഉടൻ അയക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികപ്രതിസന്ധി നിമിത്തം പുതിയ നിയമനങ്ങൾക്ക് സാഹചര്യമില്ലെങ്കിലും ഹൈകോടതിയുടെ ഉത്തരവ് നടപ്പാക്കുകയാണെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്തി.
എം പാനലുകാരെ ഒഴിവാക്കിയത് കെ.എസ്.ആർ.ടി.സി ബസ് സർവിസിനെ ബാധിച്ചെന്നും പുതിയ ആളുകൾ വരുന്നതുവരെ സർവിസുകൾ തടസ്സമില്ലാതെ നടത്താനുള്ള നടപടിക്ക് അനുവദിക്കണമെന്നുമുള്ള അഡ്വക്കറ്റ് ജനറലിെൻറ ആവശ്യം കോടതി അനുവദിച്ചില്ല. പുതിയ ആളുകൾക്ക് പരിശീലനത്തിന് സമയം വേണ്ടിവരുമെന്ന് എ.ജി ചൂണ്ടിക്കാട്ടിയെങ്കിലും ഇത് ഡ്രൈവിങ് അല്ലെന്നും പണം വാങ്ങി ടിക്കറ്റ് നൽകുന്ന ജോലിയായതിനാൽ രണ്ടുദിവസംകൊണ്ട് പഠിക്കുമെന്നുമായിരുന്നു കോടതിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.