കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസുകളിൽ പൊലീസ് നോട്ടീസ് നൽകണമെന്നും നോട്ടീസ് ലഭ്യമാക്കാൻ ഷാജൻ സ്കറിയ തന്‍റെ മേൽവിലാസം കൈമാറണമെന്നും ഹൈകോടതി. ഇതുവരെയുള്ള കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 41എ പ്രകാരം ഹാജരാകാൻ നോട്ടീസ് നൽകുകയോ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്ന വിവരം നോട്ടീസിലൂടെ അറിയിക്കുകയോ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിർദേശം.
10 ദിവസത്തിനുള്ളിൽ നോട്ടീസ് നൽകണം. തുടർന്ന് 10 ദിവസത്തിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമപരമായ നടപടി സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. ഷാജൻ സ്കറിയ മേൽവിലാസവും വ്യക്തിപരമായ ഇ-മെയിൽ വിലാസവും രണ്ടു ദിവസത്തിനകം സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തനിക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജൻ സ്‌കറിയ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തൊട്ടാകെ 107ലേറെ കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്തതായി ഹരജിയിൽ പറയുന്നു. കേസ് നമ്പറുകളോ ചുമത്തിയ കുറ്റങ്ങളോ അറിയാത്തതിനാൽ നിയമപരമായ പോംവഴി തേടാനാകുന്നില്ല. ക്രിമിനൽ നടപടി ചട്ടപ്രകാരം മുൻകൂർ നോട്ടീസ് നൽകാൻ പൊലീസിന് നിർദേശം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
നോട്ടീസ് നൽകാൻ പൊതു ഉത്തരവിടുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുമെന്ന് സർക്കാറും ചൂണ്ടിക്കാട്ടി. എന്നാൽ, കേസ് നമ്പറോ വിവരങ്ങളോ അറിയാത്തതിനാൽ ജാമ്യഹരജികൾ നൽകാനാകുന്നില്ലെന്ന ഹരജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂർ നോട്ടീസ് നൽകാൻ ഉത്തരവിടുകയായിരുന്നു. ഹൈകോടതിയിൽ നിലവിലുള്ള ജാമ്യഹരജിക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഹരജിക്കാരനെതിരായ കേസുകളിലെ സാഹചര്യം പരിഗണിച്ചുള്ള ഉത്തരവായതിനാൽ മറ്റ് കേസുകൾക്ക് ഇതൊരു കീഴ്‌വഴക്കമായി പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.