തൊടുപുഴ: സർവകക്ഷി തീരുമാനം അട്ടിമറിച്ച സർക്കാർ നടപടി ഭൂപ്രശ്നങ്ങളിൽ ഉഴലുന്ന ഇടുക്കിക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമായി. വാണിജ്യ ആവശ്യങ്ങൾക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാൻ കഴിയുംവിധം 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത് സർക്കാർ മരവിപ്പിച്ചതാണ് പുതിയ പ്രതിസന്ധി.
ഭൂമി പതിച്ചുനൽകിയത് എന്ത് ആവശ്യത്തിലേക്കെന്ന് വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവൂവെന്ന നിലവിലെ ഉത്തരവ് കർശനമായി പാലിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കലക്ടർമാരോട് നിർദേശിച്ചതാണ് കർഷകന് ഇരുട്ടടിയായത്. നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിയന്ത്രണം കൂടുതൽ കർശനമാക്കുകയാണ് സർക്കാർ.
1964ലെ ഭൂപതിവ്ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇൗ നിയമം കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് ഇറക്കിയ 2019 ആഗസ്റ്റ് 22ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിെൻറ പശ്ചാത്തലത്തിൽ വീടും കൃഷിയും ഒഴികെ നിർമിതികൾ മുഴുവൻ മുൾമുനയിലാകുകയായിരുന്നു.
പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കി റവന്യൂ വകുപ്പിൽനിന്ന് നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോൾ കൈവശഭൂമി ഉപയോഗം സാധ്യമാകൂ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെത്തുടർന്ന് ഇടുക്കിയിൽ മാസങ്ങളായി തുടരുന്ന നിർമാണ സ്തംഭനം കണക്കിലെടുത്ത് സർവകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട് ചട്ടഭേദഗതി നീക്കം.
കഴിഞ്ഞ ഡിസംബർ 18ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഭേദഗതിക്ക് ധാരണ. ഇതിന് പിന്നാലെയാണ് ഇടുക്കിക്ക് മാത്രം ബാധകമാക്കിയ നിർമാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് ജൂലൈ 29ന് ഹൈകോടതി ഉത്തരവിട്ടത്.
കോടതിവിധിയോടെ ഭേദഗതി അടിയന്തരമായി കൊണ്ടുവരേണ്ട സാഹചര്യം സംജാതമാക്കി. രാഷ്ട്രീയ തിരിച്ചടി ഭയന്ന് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമെടുത്ത നിലപാടിൽനിന്ന് പിന്നാക്കം പോകലാണ് കലക്ടർമാർ കഴിഞ്ഞ 12ന് പുറപ്പെടുവിച്ച സർക്കുലർ.
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇടതുസർക്കാർ ജനങ്ങൾക്കുമേൽ കരിനിയമങ്ങൾ അടിച്ചേൽപിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇത്തരം കരിനിയമങ്ങൾക്ക് ഒമ്പതുമാസം മാത്രമേ ഇനി ആയുസ്സുള്ളൂ. സാങ്കേതികമായി അധികാരത്തിൽ തുടരുന്ന സർക്കാർ ഉത്തരവുകളിറക്കി ഇടുക്കിക്കാരെ ദ്രോഹിക്കുകയാണ്.
ഇടതുസർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വരുന്ന യു.ഡി.എഫ് സർക്കാർ ജനങ്ങൾക്കുവേണ്ടി ഈ പ്രശ്നം പരിഹരിക്കും.
1964 ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി ചെയ്ത് ഭൂവിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണാമെന്ന സർക്കാറിെൻറ വാഗ്ദാനം വെറും പൊള്ളയാണെന്ന് തെളിഞ്ഞു. 2019 ആഗസ്റ്റ് 22ന് ഇടുക്കി ജില്ല മുഴുവൻ പട്ടയ വസ്തുവിൽ നിർമാണങ്ങൾ 15 സെൻറിന് മുകളിലാണെങ്കിലും 1500 ച.മീറ്ററിൽ കൂടുതലാണെങ്കിലും കണ്ടുകെട്ടി പാട്ടത്തിന് നൽകാമെന്ന് വ്യവസ്ഥയോടെ ഉത്തരവിറക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിൽ ഈ നിബന്ധനകൾ എട്ട് വില്ലേജുകളിലേക്ക് പരിമിതപ്പെടുത്തി ഉത്തരവിറക്കി.
ഈ പശ്ചാത്തലത്തിൽ പ്രദേശവാസികൾ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി, സംസ്ഥാന വ്യാപകമായി 1964റൂൾ അനുസരിച്ച് പ്രത്യേക ചട്ടങ്ങൾ ബാധകമാണെന്നും എട്ട് വില്ലേജിൽ മാത്രമല്ല നിബന്ധനകൾ എന്നും പ്രത്യേകം ഉത്തരവിറക്കി. ഇതിനിടയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് 1964ലെ റൂൾ ഭേദഗതി ചെയ്യാമെന്ന് ഉറപ്പുനൽകിയത്.
എന്നാൽ, കലക്ടർ സർക്കാർ നിർദേശമനുസരിച്ച് ഹൈകോടതിയുടെ ജൂലൈ 29ലെ ഉത്തരവിെൻറ പശ്ചാത്തലത്തിലെന്ന വ്യാഖ്യാനത്തോടെ ഇടുക്കിയിൽ മുഴുവൻ നിബന്ധനകൾ ബാധകമാകുന്ന തരത്തിൽ കഴിഞ്ഞ 12ന് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ 20ന് നിബന്ധനകൾ എട്ട് വില്ലേജുകൾക്ക് മാത്രം ബാധകമെന്ന തരത്തിൽ, പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്.
സംസ്ഥാനം മുഴുവൻ ബാധകമെന്ന ഹൈകോടതി വിധി നിലനിൽക്കെ വീണ്ടും ജില്ലക്കും എട്ട് വില്ലേജിലും നിബന്ധനകൾ ബാധകമാക്കുന്നത് ഇടുക്കിയോടുള്ള കടുത്തവിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.