പരവൂർ (കൊല്ലം): മതേതരത്വത്തിന്റെ കെട്ടുറപ്പും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നയിടമായി ശനിയാഴ്ച പരവൂർ തെക്കുംഭാഗം പ്ലാവറ ശ്രീഭദ്രകാളി ക്ഷേത്രവളപ്പ്. ക്ഷേത്രവളപ്പിൽ സന്ധ്യക്ക് നടന്ന നോമ്പുതുറ സാഹോദര്യത്തിന്റെ പുതുചരിതം രചിച്ചു.
പരവൂർ-വർക്കല റോഡരികിലാണ് പ്ലാവറ ശ്രീ ഭദ്രകാളി ക്ഷേത്രവും തെക്കുംഭാഗം മുസ്ലിം ജമാഅത്തിന് കീഴിലുള്ള അൻസാറുൽ മുസ്ലിമിൻ മദ്റസയും തൈക്കാവുമുള്ളത്. സമീപത്തുള്ള പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ഏറ്റവും കൂടുതൽ സഹായം നൽകുന്നത് മുസ്ലിംകളാണ്. എല്ലാക്കാലവും തങ്ങളെ സഹായിക്കുന്ന മുസ്ലിം സഹോദരങ്ങൾക്കായി ഒരു നോമ്പുതുറ നടത്തിയാലോയെന്ന ആശയം പ്ലാവറ ക്ഷേത്രം സെക്രട്ടറിയും പൗരസമിതി പ്രസിഡന്റുമായ മുരളീധരൻ പിള്ളയാണ് പങ്കുവെച്ചത്. ക്ഷേത്ര പ്രസിഡന്റ് മോഹനൻ പിള്ളയും കമ്മിറ്റി അംഗങ്ങളും പിന്തുണക്കുകയും ചെയ്തു. ക്ഷേത്ര ഭരണസമിതിയും പൊതുജനങ്ങളും ചേർന്ന് നോമ്പുതുറ നടത്താനുള്ള തീരുമാനത്തെ ജമാഅത്ത് ഇരുകൈയുംനീട്ടി സ്വീകരിച്ചു. തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ക്ഷേത്രത്തിന് മുന്നിലും മദ്റസയിലുമായി നോമ്പുതുറയൊരുക്കിയത്.
നോമ്പുതുറക്ക് മുന്നോടിയായി നടന്ന സൗഹൃദ യോഗം നഗരസഭ അധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. വിവിധതരം ജ്യൂസുകൾ, പഴവർഗങ്ങൾ, ലഘുഭക്ഷണം എന്നിവ നോമ്പുതുറക്കായി ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.