എസ്.സി വിദ്യാർഥി സ്കോളർഷിപ്പ് : നടപ്പിലാക്കുന്നതിൽ മലപ്പുറം മുൻസിപ്പാലിറ്റിക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട് : പട്ടിക ജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ മലപ്പുറം മുൻസിപ്പാലിറ്റിക്ക് വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020-21, 2022-23 വരെ നടപ്പാക്കിയ പദ്ധതിയാണ് ഇന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം. 2019 ഫെബ്രുവരി 14ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കരോ കേന്ദ്ര സർക്കാരോ സർക്കാരുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികളോ നടത്തുന്നതായ എല്ലാത്തരം കോഴ്സുകളിലേക്കും യോഗ്യത നേടി പഠനം നടത്തിവരുന്ന എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകാം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കോഴ്‌സ് കാലാവധി വരെയുള്ള എല്ലാ അക്കാദമിക് വർഷത്തിലുണാണ് സ്കോളർഷിപ്പ് നൽകുന്നത്.

2020-21, 2022-23 എന്നീ വർഷങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതികളുടെ രേഖകൾ പരിശോധിച്ചതിൽ വീഴ്ചകൾ കണ്ടെത്തി.2020-21 വർഷത്തിൽ ആകെ 29 വിദ്യാർഥികളെയാണ് ഈ പദ്ധതിക്ക് തിരഞ്ഞെടുത്തത്. പദ്ധതി മർഗരേഖ പ്രകാരം മെഡിക്കൽ കോഴ്സിനു പഠിക്കുന്ന വിദ്യാർഥികൾക്ക് 30,000 രൂപ, എഞ്ചിനീയറിങ്ങിന് 25,000 രൂപ. ബിരുദം 20,000 രൂപ. ബിരുദാനന്തര ബിരുദം 30,000 രൂപ ഗവേഷണ വിദ്യാർഥികൾക്ക് 30,000 രൂപ. പോളിടെക്നിക്ക് 20,000 രൂപ, മറ്റെല്ലാ സർക്കാർ അംഗീകൃത കോഴ്‌സുകൾക്കും 15,000 രൂപ സംസ്ഥാനത്തിനു പുറത്തുള്ള അംഗീകൃത സർവകാലാശാലകളുടെ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക്-50,000 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ധനസഹായം. എന്നാൽ വിവിധ ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന 21 കൂട്ടികൾക്ക് 17.000 രൂപ വീതമാണ് ധനസഹായം നല്‌കിയത്.

വാർഷിക പദ്ധതിയിൽ അനുവദനീയമായ പരമാവധി തുകയാണ് 2020-21 വർഷം എസ്.സി മെറിറ്റോറിയസ് സ്കോളർഷിപ്പിനായി വകയിരുത്തിയതെന്നും നല്കിയതെന്നും നഗരസഭ മറുപടി നൽകി. ഈ മറുപടി തൃപ്തികരമല്ലെന്നാണ് ഓഡിറ്റിന്റെ വിലയിരുത്തൽ.സർക്കാർ നിശ്ചയിച്ച ധനസഹായത്തെക്കാൾ കുറഞ്ഞ ആനുകൂല്യമാണ് നൽകിയത്.

2021-22 ൽ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം എന്ന പദ്ധതി നഗരസഭ നടപ്പിലാക്കിയില്ല. അതിനാൽ 2020-21ൽ വിവിധ കോഴ്‌സുകൾക്ക് ഒന്നും രണ്ടും വർഷം പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് ആ വർഷം ആനുകൂല്യം നഷ്ടപ്പെട്ടു. എന്നാൽ, 2022-23 ൽ 59 വിദ്യാർഥികൾക്ക് കൃത്യമായ രീതിയിൽ സ്കോളർഷിപ്പ് നല്‌കി.

Tags:    
News Summary - It is reported that there has been a failure in the implementation of the scholarship scheme for Scheduled Caste students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.