തലശ്ശേരി: സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസിൽ ആർ.എസ്.എസ്, ബി.ജെ.പിക്കാരായ ഏഴ് പ്രതികൾക്ക് തടവും പിഴയും. ഒന്നാം പ്രതി ധർമടം പരീക്കടവിലെ അനീഷിനെ (44) വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷവും എട്ട് മാസവും തടവിനും 42,500 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
നാലാം പ്രതി ധർമടം കടവത്ത് വയൽ രജീഷിനെ (39) വിവിധ വകുപ്പുകൾ പ്രകാരം ആറ് വർഷവും ഏഴ് മാസവും കഠിന തടവിനും 42,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവനുഭവിക്കണം. മൂന്നാം പ്രതി ധർമടം
യു.എസ്.കെ റോഡിലെ മേക്കിലേരി വീട്ടിൽ ധനേഷിനെ (43) ഒരു വർഷവും എട്ട് മാസവും തടവിനും 2,500 രൂപ പിഴയടക്കാനും രണ്ടാം പ്രതി ധർമടം പരീക്കടവ് ഒഴുക്കൽ മീത്തൽ ഹൗസിൽ ഷജിൽ കുമാർ (36), അഞ്ചാം പ്രതി ധർമടം സ്വാമിക്കുന്ന് സ്വദേശി വി. ശ്രീജിത്ത് (34), ഏഴാം പ്രതി സ്വാമിക്കുന്നിലെ കെ.എം. വിനീഷ് (36) എന്നിവരെ ഏഴ് മാസം വീതം തടവിനും 2,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
ആറാം പ്രതി സ്വാമിക്കുന്നിലെ പനോളി ഹൗസിൽ സുജിത്ത് പനോളി (44) യെ ഒരു വർഷവും എട്ട് മാസവും 2,500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി
അഡീഷനൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ആർ. കെ. രമയാണ് ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 21 ന് രാത്രി ഒമ്പതരക്ക് ധർമടം യു.എസ്.കെ റോഡിൽ വെച്ചാണ് കേസിനാധാരമായ സംഭവം.
പരാതിക്കാരനെയും സുഹൃത്തുക്കളെയും പ്രതികൾ തടഞ്ഞുനിർത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സി.പി.എം പ്രവർത്തകനായ ഷജ്മീറിനെ ഇരുമ്പ് വടികൊണ്ടും വാളുകൊണ്ടും ആക്രമിച്ച് തലക്കും കൈക്കും പരിക്കേൽപ്പിച്ചുവെന്നുമാണ് കേസ്. എട്ട് പ്രതികളുള്ള കേസിൽ ഏഴ് പ്രതികളെയാണ് ശിക്ഷിച്ചത്. എട്ടാം പ്രതി ഹാജരായില്ല. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രകാശൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.