തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചവറയിൽ ഷിബു ബേബി ജോണും കുട്ടനാട്ടിൽ അഡ്വ. ജേക്കബ് എബ്രഹാമും സ്ഥാനാർഥികളാവുമെന്ന് ചെന്നിത്തല പറഞ്ഞു. ഇരുവരും തന്നെയായിരുന്നു കഴിഞ്ഞ തവണയും യു.ഡി.എഫ് സ്ഥാനാർഥികളായത്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നിയമസഭക്ക് അകത്തും പുറത്തും യു.ഡി.എഫിനെതിരെ നിലപാടെടുക്കുന്ന ഒരു കക്ഷിയെ എങ്ങനെ മുന്നണിയുടെ ഭാഗമായി കാണാനാവുമെന്നും ചെന്നിത്തല ചോദിച്ചു. യു.ഡി.എഫ് യോഗതീരുമാനങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിക്കുകയായിരുനു അദ്ദേഹം.
യു.ഡി.എഫ് വിട്ട് ജോസ് കെ മാണി വിഭാഗം എന്ത് നിലപാട് സ്വീകരിച്ചാലും കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ യു.ഡി.എഫിനൊപ്പം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു. അങ്ങനെ തുടരുന്നവർക്ക് എല്ലാ സംരക്ഷണവും നൽകും. യു.ഡി.എഫിനോട് വിശ്വാസ വഞ്ചന കാണിച്ചതിനുള്ള ശിക്ഷ ജനം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകും. കോൺഗ്രസ് നൽകിയ രാജ്യസഭാംഗത്തിലിരുന്നുകൊണ്ടാണ് ജോസ് .കെ. മാണി യു.ഡി.എഫിനെ വിമർശിക്കുന്നത്. മുന്നണി വിടുന്ന സന്ദർഭത്തിൽ രാജ്യസഭാംഗത്വവും യു. ഡി.എഫിൻെറ പേരിൽ നിന്ന് ജയിച്ച പാർലമെൻറ് അംഗത്വവും നിയമസഭാംഗത്വവും രാജി വെക്കാനുള്ള ധാർമികത കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാറിന് നിയമവാഴ്ച ഉറപ്പാക്കാൻ സാധിക്കാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അഴിമതിയിലും തീവെട്ടി കൊള്ളയിലും മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന സർക്കാർ ഈ കോവിഡ് കാലത്ത് ജനങ്ങളുടെ സമാധാന ജീവിതം പോലും അസാധ്യമാക്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. കേരളത്തിൽ സമാധാനത്തോടെ ജീവിക്കാനും പ്രവർത്തിക്കാനും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് ബാധിച്ച ആളുകൾക്ക് പോലും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുകയാണ്. ഭരണത്തിലുള്ള സർക്കാറിൻെറ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന സ്വർണ കള്ളക്കടത്ത്, പാർട്ടി സെക്രട്ടറിയുടെ വീടുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കു മരുന്ന് കടത്ത്, ഭരണ കക്ഷിക്കാർക്ക് വേണ്ടി കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസ്, ഇത്തരത്തിൽ സംസ്ഥാനത്ത് ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കോവിഡ് ബാധിതരായ രണ്ട് യുവതികൾ സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടപ്പോൾ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണുണ്ടായത്. പട്ടികജാതിയിൽപെട്ട യുവതിയെ സർക്കാറിൻെറ ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചതെങ്കിൽ ഭരതന്നൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ സർക്കാറിൻെറ ഹെൽത്ത് ഇൻസ്പെക്ടറാണ് രണ്ട് ദിവസം പീഡിപ്പിച്ചത്. ഇൗ വിഷയത്തിൽ ആരോഗ്യ മന്ത്രി മറുപടി പറയണം. ഇതാണോ സർക്കാറിൻെറ കോവിഡ് പ്രതിരോധത്തിലെ ലോകമാതൃകയെന്നും ചെന്നിത്തല ചോദിച്ചു.
പി.ആർ ഏജൻസികളെ ഉപയോഗിച്ച് ലോകം മുഴുവൻ തങ്ങൾ ഒന്നാമതാണെന്ന് വീമ്പിളക്കിയ സർക്കാർ കേരളത്തെ നാണം കെടുത്തി. ആരോഗ്യ മന്ത്രി ഒരു നിമിഷം പോലും അധികാരത്തിലിരിക്കാൻ അർഹതയില്ലെന്ന് തെളിയിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിക്ക് ധാർമികതയുണ്ടെങ്കിൽ രാജിവെച്ചു പോവുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സെപ്തംബർ 22ന് സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫിൻെറ നേതൃത്വത്തിൽ ഉപവാസ സമരം നടക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കുളത്തുപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോണ്‍ഗ്രസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകൻ ആണോ എന്ന മാധ്യമപ്രവർത്തകൻെറ ചോദ്യത്തിന് ഡി.വൈ.എഫ് ഐക്കാർക്ക് മത്രമേ പീഡിപ്പിക്കാൻ പാടുള്ളൂവെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. എൻ.ജി.ഒ അസോസിയേഷനാണ്, കോൺഗ്രസുകാരനാണ് എന്നിങ്ങനെ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.