സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ഖബറടക്കം നാളെ ഉച്ചക്ക് 12ന് പത്തനംതിട്ട ജുമാ മസ്ജിദിൽ നടക്കും.

സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ ഫാത്തിമ ബീവിക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി കേരള സർക്കാർ ആദരിച്ചു. 


പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച ഫാത്തിമ ബീവി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസ്‌.സി ബിരുദം നേടി. അതിനു ശേഷം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ നിന്ന് ബി.എൽ പാസായി.

1950 നവംബർ 14നാണ് അഭിഭാഷകയായി അവർ എൻറോൾ ചെയ്തത്. 1950ൽ ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതെത്തി. 1958 മേയിൽ കേരള സബ് ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968ൽ സബ് ഓർഡിനേറ്റ് ജഡ്ജിയായും 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974ൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.


1980 ജനുവരിയിൽ ഫാത്തിമ ബീവി ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യൽ അംഗമായി വീണ്ടും നിയമിതയായി. തുടർന്ന് 1983 ആഗസ്റ്റ് നാലിന് ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 മെയ് 14ന് ഹൈകോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രിൽ 29ന് ഹൈകോടതി ജഡ്ജിയായി വിരമിച്ച ശേഷം 1989 ഒക്ടോബർ ആറിന് സുപ്രീം കോടതി ജഡ്ജിയായി  നിയമനം ലഭിച്ചു. 1992 ഏപ്രിൽ 29ന് വിരമിച്ചു. അവിവാഹിതയാണ്. 

Tags:    
News Summary - Justice Fathima Beevi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.