തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 18 ഹൈസ്കൂളുകൾ ഹയർസെക്കൻഡറികളാക്കുകയും ഹയർസെക്കൻഡറികളിൽ 222 താൽക്കാലിക ബാച്ചുകൾ അനുവദിക്കുകയും ചെയ്യണമെന്ന് പ്രഫ.വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ. വിദ്യാഭ്യാസ വകുപ്പ് ഒരു വർഷത്തിലേറെ പൂഴ്ത്തിവെച്ച റിപ്പോർട്ടാണിത്. കുട്ടികളില്ലാത്ത 39 ബാച്ചുകൾ സീറ്റ് കുറവുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനുള്ള മറുപടിക്കൊപ്പമാണ് പുറത്തുവന്നത്.
സർക്കാർ സ്കൂളുകളിൽ 96ഉം എയ്ഡഡ് സ്കൂളുകളിൽ 126ഉം താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് ശിപാർശ. ഇതിൽ 120 ബാച്ചുകൾ മലപ്പുറം ജില്ലയിലും 43 ബാച്ചുകൾ കോഴിക്കോട്ടും അനുവദിക്കണമെന്നാണ് ശിപാർശ. പുറമെ, മലപ്പുറം ജില്ലയിലെ നാലും പാലക്കാട് ജില്ലയിലെ ആറും കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ടും കാസർകോട്ടെ മൂന്നും സർക്കാർ ഹൈസ്കൂളുകളിൽ മൊത്തം 37 ബാച്ചുകൾ അനുവദിച്ച് താൽക്കാലിക ഹയർസെക്കൻഡറിയാക്കി ഉയർത്താനും ശിപാർശ ചെയ്തിട്ടുണ്ട്.
എയ്ഡഡ് വിഭാഗത്തിൽ മലപ്പുറം പുളിക്കൽ എ.എം.എം.എച്ച്.എസ് പ്രാദേശിക ആവശ്യകത മുൻനിർത്തി മൂന്ന് ബാച്ചുകൾ അനുവദിച്ച് ഹയർസെക്കൻഡറിയാക്കാനും ശിപാർശയുണ്ട്. അപ്ഗ്രേഡ് ചെയ്യുന്ന സ്കൂളുകളിലെ ബാച്ചുകളും താൽക്കാലിക സ്വഭാവത്തിലാണ് മൂന്നാം വർഷംവരെ വരെ പ്രവർത്തിക്കേണ്ടത്. ബാച്ച് സ്ഥിരപ്പെടുത്തലും തസ്തിക സൃഷ്ടിക്കലും മൂന്നു വർഷത്തിന് ശേഷം നടത്തിയാൽ മതി. ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നത് വഴി ലഭിക്കുന്ന 40 പുതിയ ബാച്ചുകൾ കൂടി പരിഗണിച്ചാൽ 262 ബാച്ചുകൾ വേണമെന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു പുറമെയാണ് 39 ബാച്ചുകൾ ട്രാൻസ്ഫർ ചെയ്യാൻ ശിപാർശയുള്ളത്. ഇതുകൂടി പരിഗണിക്കുന്നതോടെ സീറ്റ് ക്ഷാമം പരിഹരിക്കാനായി 301 ബാച്ചുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചായിരുന്നു കഴിഞ്ഞ വർഷവും ഈ വർഷവും പുതിയ ബാച്ചുകൾ ആവശ്യമില്ലെന്ന് സർക്കാർ നിലപാടെടുത്തത്. സീറ്റ് ക്ഷാമത്തിന്റെ കണക്ക് പുറത്തുവരുകയും വിദ്യാർഥി സംഘടനകൾ സമരരംഗത്തിറങ്ങുകയും ചെയ്തതോടെ മലപ്പുറത്ത് 120ഉം കാസർകോട് 18ഉം താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.