കോഴിക്കോട്: വിദ്യാർഥികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അവർക്ക് നീതി ലഭ്യമാക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് അലൻ താഹ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. എൻ.ഐ.എ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതിന് കേരള സർക്കാരിന് വേണ്ടി അപേക്ഷ നൽ കാൻ ആഭ്യന്തര വകുപ്പ് തയാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സമിതി അഭ്യർഥിച്ചു.
2019 നവംബർ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുന്നിലെത്തുന്നത് ആറുമാസത്തിനു ശേഷമാണ്. ദീർഘമായ അന്വേഷണത്തിനുശേഷവും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല. രണ്ടുപേർക്കെതിരെയും യു.എ.പി.എ പ്രയോഗിക്കാനുള്ള കേരള പോലീസിൻെറ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നുവെന്ന് കേസിൻെറ ഓരോ ഘട്ടത്തിലും കൂടുതൽ വ്യക്തമായി വരികയാണ്. നഗ്നമായ അധികാര ദുർവിനിയോഗമാണ് കേസിൻെറ തുടക്കം മുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സമിതി ആരോപിച്ചു.
വിചാരണ വേളയിൽ ജാമ്യം ലഭിക്കാതെ പോയാൽ വർഷങ്ങളോളം അവർ ജയിലിൽ കഴിയേണ്ടിവരും എന്ന് ഇത്തരം കേസുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇന്നത്തെ മാരകമായ പകർച്ചവ്യാധിയുടെ പരിതസ്ഥിതിയിൽ ജയിലുകളിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജാമ്യം ലഭിക്കാതെ രണ്ടുവിദ്യാർഥികൾ ജയിലുകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്നത് സകല മനുഷ്യാവകാശങ്ങളും അവർക്കു നിഷേധിക്കുന്നതിന് തുല്യമാകും. കേന്ദ്രസർക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്. അതിനാൽ ഇനിയും വൈകാതെ അവർക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സർക്കാർ തന്നെ മുൻൈകയെടുക്കണന്നെും സമിതിക്കുവേണ്ടി പ്രസിഡൻറ് ബി.ആർ.പി. ഭാസ്കറും കൺവീനർ ഡോ. ആസാദും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.