കൊച്ചി: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. കേസിൽ ഷാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു പൊലീസിനോട് നിർദേശിച്ചു.
ജനുവരി നാലിന് യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടി മതവിദ്വേഷം വളർത്തുന്നതാണെന്നാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യംതേടി ഷാജൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
അതിനിടെ, പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയിൽ ഷാജന്‍ സ്‌കറിയക്ക് എതിരെ കഴിഞ്ഞ ദിവസം വീണ്ടും കേസെടുത്തിട്ടുണ്ട്. പി.വി. അന്‍വര്‍ എം.എൽ.എ യുടെ പരാതിയിലാണ് കേസ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്.
എം.എൽ.എ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.