തൃശൂർ: കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. 15ാം പ്രതി കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഗിൽ (30), ഇയാളെ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയിൽനിന്ന് പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേർ അറസ്റ്റിലായി. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.
ഷിഗിലിെൻറ ജാമ്യാപേക്ഷ ഈ മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ജയിലില്‍ കഴിയുന്ന 12ാം പ്രതി മലപ്പുറം നിലമ്പൂര്‍ മമ്പാട് കേച്ചേരി കുനിയില്‍ അബ്ദുൽ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കല്‍പറമ്പ് വീട്ടില്‍ അബ്ദുൽ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകൾ വെള്ളിയാഴ്ച തൃശൂർ ജില്ല സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാൻ ധർമരാജ്, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹരജിയിൽ ഇരിങ്ങാലക്കുട കോടതിയിൽ പണത്തിെൻറ രേഖകൾ ഹാജരാക്കാനായിട്ടില്ല. അതിനാൽ കേസ് 13ലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനകം 1.42 കോടിയാണ് പൊലീസ് കണ്ടെത്തിയത്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച െചയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. കൂടുതൽ തെളിവെടുപ്പിെൻറ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബി.ജെ.പി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.