കൊച്ചി: ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടത്തായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് കൂട്ടക്കൊലക്കേസ് പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി നൽകിയ ഹരജി ഹൈകോടതി തള്ളി.
255 സാക്ഷിമൊഴികളും 356 രേഖകളും 22 തൊണ്ടി മുതലുകളുമുള്ള കേസിലെ തെളിവുകളുടെ മൂല്യം വിചാരണ വേളയിൽ പരിശോധിക്കേണ്ടതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തള്ളിയത്. ഈയാവശ്യം ഉന്നയിച്ച് ജോളി നൽകിയ ഹരജി നേരത്തേ കോഴിക്കോട് സ്പെഷൽ അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
2011 സെപ്റ്റംബർ 30ന് വീട്ടിലെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും റോയ് തോമസ് മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് റോയ് മരിച്ചെന്നാണ് ജോളി ബന്ധുക്കളെ അറിയിച്ചത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും സ്വത്തു തർക്കത്തെ തുടർന്ന് റോയിയുടെ മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിച്ചതിനെ തുടർന്ന് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് 2019 ഒക്ടോബർ അഞ്ചിനാണ് ജോളി അറസ്റ്റിലായത്. റോയ് തോമസിന് സയനൈഡ് കറിയിൽ ചേർത്തു നൽകി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.
റോയ് തോമസിന് പുറമേ ഭർതൃ മാതാവ് അന്നമ്മ തോമസ്, ഇവരുടെ ഭർത്താവ് ടോം തോമസ്, അടുത്ത ബന്ധുവായ എം.എം. മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, ഇവരുടെ കുട്ടി ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നും റോയിയുടെ പിതാവിന്റെ പേരിൽ വ്യാജ വിൽപത്രം തയാറാക്കി ഭൂമി പോക്കുവരവ് നടത്തിയെന്നും കേസുണ്ട്.
എന്നാൽ, പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ തനിക്കെതിരെയില്ലെന്നുമായിരുന്നു ജോളിയുടെ വാദം. അന്വേഷണ സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ചിലർ നൽകിയ മൊഴികളൊഴിച്ചാൽ തനിക്കെതിരെ കാര്യമായ തെളിവില്ലെന്നും ഇവർ വാദിച്ചു. റോയിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷാംശത്തെക്കുറിച്ച് പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സയനൈഡാണെന്ന് പറയുന്നുണ്ടെന്നും പിന്നീട് രാസപരിശോധന ഫലം ഇക്കാര്യം ശരിവെക്കുന്നുണ്ടെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. ജോളി തന്റെ അടുത്ത ബന്ധുക്കളോട് നടത്തിയ കുറ്റസമ്മതം, ജോളിയും രണ്ടാം പ്രതി മാത്യുവും തമ്മിലുള്ള വഴിവിട്ട ബന്ധം, സയൈനഡ് ലഭിച്ച മാർഗം തുടങ്ങിയവയൊക്കെ കുറ്റകൃത്യങ്ങളിൽ പ്രതിക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. റോയിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും മറിച്ചുള്ള വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ അനിവാര്യമാണെന്ന് വിലയിരുത്തി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.