കോട്ടയം: രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിനെ (കെ.പി.പി.എൽ) മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലുഘട്ടത്തിലെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടിയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദനവുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍നിന്ന് ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്, ഡീ ഇങ്കിങ് പ്ലാന്റ്, പവര്‍ ബോയ്ലര്‍, മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ആദ്യ രണ്ടു ഘട്ടത്തിലായി 154.39 കോടിയാണ് ചെലവിടുന്നത്. 1000 കോടി മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. പാക്കേജിങ്ങുമായി ബന്ധപ്പെട്ട പേപ്പര്‍ ഉൽപാദനം നടത്തി പ്രവര്‍ത്തനം വൈവിധ്യവത്കരിക്കാനുള്ള കെ.പി.പി.എല്ലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്.
മെഷീനുകളുടെ സ്വിച്ച് ഓണും കെ.പി.പി.എൽ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ-നിയമമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ വിശിഷ്ടപ്രഭാഷണം നടത്തി. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എം.എൽ.എമാരായ കെ.ജെ. തോമസ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, സ്റ്റീഫൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.പി.പി.എൽ ചെയർമാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശിൽപ, സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോട്ടയം: 2022-23 വര്‍ഷം ഒരുലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നേടിയിട്ടുണ്ട്.
സ്വകാര്യ-പൊതുമേഖലയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം വെള്ളൂരില്‍ പറഞ്ഞു. കെ.എം.എം.ഇ.എല്‍ 332 കോടിയാണ് പ്രവര്‍ത്തനലാഭം നേടിയിരിക്കുന്നത്. 2021-22 വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 41 വ്യവസായ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 245.62 ശതമാനം വർധിച്ചു. 2030നകം നടപ്പാക്കാനുദ്ദേശിക്കുന്ന കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.
കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐ.ടി, ടൂറിസം, ബയോടെക്നോളജി, കാര്‍ഷികമേഖല, ഭക്ഷ്യവസ്തുക്കളുടെ മേഖല തുടങ്ങി വിവിധ മേഖലകളിലെല്ലാം വലിയതോതില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ഉൽപാദനത്തിലൂടെ പ്രകൃതിസൗഹൃദ വ്യവസായ വളര്‍ച്ചക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി അടുത്ത 25വര്‍ഷം കൊണ്ട് മധ്യവരുമാന വികസിത നാടുകളുടെ ഗണത്തിലേക്ക് നാടിനെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ ലക്ഷ്യം അതിവിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.