ശ​ര​ത്

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ദലിത് വിദ്യാർഥി സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ

കോട്ടയം: യോഗ്യതയില്ലെന്ന് പറഞ്ഞ് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ദലിത് യുവാവ് കൊൽക്കത്തയിലെ സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിങ് വിദ്യാർഥി. അഖിലേന്ത്യ തലത്തിൽ നടന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിൽ സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റിങ് ഡിപ്പാർട്ട്മെന്‍റിൽ പ്രവേശനം കിട്ടിയ ആറുപേരിലൊരാളാണ് ആലപ്പുഴ സ്വദേശിയായ ശരത്.

ബി.എ സോഷ്യോളജിയും എം.എസ്.ഡബ്ല്യുവും കഴിഞ്ഞാണ് ശരത് 2022ൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിങ് പി.ജി കോഴ്സിന് അപേക്ഷിച്ചത്. എൻട്രൻസ് പരീക്ഷക്കുശേഷം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ ലിസ്റ്റിൽ ശരത്തിന്‍റെ പേരുണ്ടായിരുന്നു. എന്നാൽ, ഓറിയന്‍റേഷനും അഭിമുഖവും കഴിഞ്ഞപ്പോൾ ശരത് പുറത്തായി. കട്ട് ഓഫ് മാർക്ക് നേടാൻ കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം.

ജനറൽ കാറ്റഗറിയിലുള്ള അഞ്ചുപേരും ഒ.ബി.സി കാറ്റഗറിയിലുള്ള ഒരാളുമടക്കം ആറുപേർക്കാണ് പ്രവേശനം നൽകിയത്. സംവരണ കാറ്റഗറിയിലെ ബാക്കി നാലു സീറ്റ് ഒഴിച്ചിട്ടു. ശരത് തന്‍റെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കാറ്റഗറി തിരിച്ച് അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമില്ല. തുടർന്ന്, ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. നാല് പി.ജി കോഴ്സുകൾക്കും കൂടി ഒന്നിച്ചാണ് സംവരണം കണക്കാക്കുന്നതെന്നും അനിമേഷനിലും സിനിമാറ്റോഗ്രഫിയിലും രണ്ടുപേരെ സംവരണത്തിൽ എടുത്തതിനാൽ എഡിറ്റിങ്ങിൽ എടുക്കാൻ കഴിയില്ലെന്നുമാണ് ഡയറക്ടർ കോടതിയെ അറിയിച്ചത്.

നവംബർ ഏഴിന് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് തുടങ്ങിയ സാഹചര്യത്തിൽ ശരത്തിന് പ്രവേശനം നൽകാൻ കോടതി ഇടക്കാല ഉത്തരവ് നൽകിയെങ്കിലും ഡിസംബറിലാണ് സ്ഥാപനത്തിൽനിന്ന് വിളി വന്നത്. അതിനുമുമ്പ്, ഒക്ടോബർ 30ന് സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം കിട്ടിയിരുന്നു. ''എഡിറ്റിങ്ങിൽ 45 ആണ് കട്ട് ഓഫ് മാർക്ക്. എനിക്ക് 42.50 മാർക്കാണ് കിട്ടിയത്.

എല്ലാവർക്കും ഒരേ കട്ട് ഓഫ് മാർക്ക് ആണെങ്കിൽ പിന്നെന്തിന് സംവരണം നൽകണം. 44.50 മാർക്ക് കിട്ടിയ കുട്ടിക്ക് ജനറൽ കാറ്റഗറിയിൽ പ്രവേശനം നൽകി. റിസർവേഷൻ കാറ്റഗറിയിൽ വിദ്യാർഥികളെ എടുത്താൽ നിലവാരം കുറയുമെന്നും എനിക്ക് യോഗ്യതയില്ലെന്നുമായിരുന്നു ഡയറക്ടർ ഉന്നയിച്ച വാദം. കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നതും മാർക്കിടുന്നതും ഡയറക്ടർ തന്നെയാണ്. അദ്ദേഹത്തിന് താൽപര്യമില്ലാത്തവരെ ഒഴിവാക്കാൻ എളുപ്പത്തിൽ കഴിയും. -ശരത് പറഞ്ഞു.

മാൻഡേറ്ററി റിസർവേഷൻ പാലിച്ചില്ല

കോട്ടയം: മാൻഡേറ്ററി റിസർവേഷൻ പാലിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് വീഴ്ച വരുത്തിയെന്ന് കോടതി വ്യക്തമാക്കിയതാണെന്ന് ശരത്തിനുവേണ്ടി കോടതിയിൽ ഹാജരായ അഡ്വ. കെ.പി. ഷിബി പറഞ്ഞു.ഇതിന് എൽ.ബി.എസിനെ കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ തങ്ങൾ തയാറാക്കിയ പട്ടിക അല്ല ഇതെന്നും ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം തയാറാക്കിയതാണെന്നും അവർ വ്യക്തമാക്കി.

പ്രോസ്പെക്ടസിലോ പരീക്ഷയുടെ സമയത്തോ സൂചിപ്പിക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്താണ് പുതിയ കട്ട് ഓഫ് മാർക്കിന്‍റെ കാര്യം പറയുന്നത്.എസ്.സി/എസ്.ടി വിഭാഗങ്ങൾക്കായി ജനറൽ കട്ട് ഓഫ് വെക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുള്ളതാണ്. മൂന്ന് മാർക്കിന്‍റെ ഇളവു നൽകിയാൽ ശരത്തിന് പ്രവേശനം നൽകാൻ കഴിയുമെന്നിരിക്കെ ഡയറക്ടർ കടുംപിടിത്തം പിടിച്ചത് ദലിത് പ്രാതിനിധ്യം ഇല്ലാതാക്കാനാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അഭിഭാഷകനും ശരത്തിന് പ്രവേശനം നൽകാൻ കഴിയില്ലെന്ന നിലപാടാണെടുത്തതെന്നും അഡ്വ. കെ.പി. ഷിബി വ്യക്തമാക്കി.

Tags:    
News Summary - KR Narayanan institute refuse a Dalit student becomes in Satyajitre Film Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.