തിരുവനന്തപുരം: ഏറെക്കാലം നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കെ.എസ്.ആർ.ടി.സിക്കുള്ള ബാങ്ക് കൺസോർട്യം വായ്പ യാഥാർഥ്യമായി. 3500 കോടിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 9.2 ശതമാനം പലിശക്ക് 3100 കോടിയാണ് കൺസോർട്ടിയത്തിൽനിന്ന് ദീർഘകാല വായ്പയായി അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ധാരണപത്രം വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി എ. ഹേമചന്ദ്രനും ബാങ്ക് പ്രതിനിധികളും ഒപ്പിട്ടു.നിലവില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായുള്ള 3090 കോടിയുടെ ബാധ്യത തീര്‍ത്തതിന് ശേഷമാണ് പുതിയ കരാറില്‍ ഏര്‍പ്പെട്ടത്. ഇതിനായി സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം നല്‍കാന്‍ മാറ്റിെവച്ചിരുന്ന തുകയാണ് മുഖ്യമന്ത്രി ഇടപെട്ട് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്. ബാങ്ക് വായ്പ ലഭിക്കുമ്പോള്‍ ഈ തുക തിരിച്ച് സര്‍ക്കാറിന് നല്‍കും. ഏപ്രില്‍ രണ്ടുവരെ സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്. സർക്കാർ ഗാരൻറിയിലാണ് കൺസോർട്ടിയം വായ്പ അനുവദിച്ചിരിക്കുന്നത്.
നീരവ് മോദി ഇടപാടില്‍ പണം നഷ്ടമായ പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) എസ്.ബി.ഐ നേതൃത്വം നല്‍കുന്ന കൺസോർട്ടിയത്തില്‍നിന്ന് പിന്മാറിയിരുന്നു.അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പി.എന്‍.ബിയുടെ പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 750 കോടിയാണ് പി.എന്‍.ബി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനുപകരം കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്മെൻറ് ഫിനാന്‍സ് കോര്‍പറേഷനെ (കെ.ടി.ഡി.എഫ്.സി) കൺസോർട്ടിയത്തിൽ ഉള്‍പ്പെടുത്തുകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്ന ബാധ്യതകള്‍ സര്‍ക്കാര്‍ ഇടപെട്ട് 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വായ്പകളാക്കി മാറ്റി.
വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ചില നിബന്ധനകള്‍ െവച്ചിരുന്നു. ഇതില്‍ ഇളവിനുവേണ്ടി പലഘട്ടങ്ങളിലായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഏതൊക്കെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടിവന്നു എന്ന് വ്യക്തമായിട്ടില്ല. പുതിയ വായ്പകള്‍ എടുക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. മാസം കുറഞ്ഞത് 180 കോടി കടത്തിലാണ് സ്ഥാപനം. ഇതില്‍ പെന്‍ഷന്‍ ബാധ്യത എങ്ങനെ തീര്‍ക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ പദ്ധതി ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിെൻറ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രഫ. സുശീല്‍ഖന്നയുടെ റിപ്പോര്‍ട്ടാണ് ഇതിനെല്ലാം സര്‍ക്കാര്‍ ഹാജരാക്കിയത്. പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കാന്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍, ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് എത്തിക്കുക, ഡ്യൂട്ടി പരിഷ്‌കരിക്കുക, തുടങ്ങി നിരവധി നിര്‍ദേശങ്ങളുണ്ട്. ബാങ്ക് വായ്പ ലഭിച്ചതിനാല്‍ ഇവയില്‍ പലതിലും ഉടന്‍ തീരുമാനം എടുക്കേണ്ടിവരും.
കൺസോർട്ടിയം വായ്പയുടെ മെച്ചം ഇങ്ങനെ:
തിരിച്ചടവും പലിശയും കൂടിയ നിലവിലെ ഹ്രസ്വകാല വായ്പകള്‍ പലിശനിരക്കും തിരിച്ചടവും കുറഞ്ഞ ദീര്‍ഘകാല വായ്പകളാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടിയുടെ ഹ്രസ്വകാല വായ്പ ബാങ്കുകളുടെ കൺസോർട്ടിയത്തിൽനിന്ന് കെ.എസ്.ആർ.ടി.സി വാങ്ങിയിട്ടുണ്ട്്. എട്ടുവർഷം കാലയളവ് നിശ്ചയിച്ചിട്ടുള്ള ഇൗ വായ്പ ഭാരിച്ച ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാക്കുന്നത്. പ്രതിദിനം മൂന്നുകോടിയാണ് ഇതിെൻറ തിരിച്ചടവിനായി മാത്രം വേണ്ടിവരുന്നത്. 9.2 ശതമാനം പലിശക്ക് 20 വർഷത്തേക്ക് ബാങ്ക് കൺസോർട്ടിയത്തിൽനിന്ന് 3100 കോടി വായ്പ ലഭിച്ചത് വലിയ ആശ്വാസമാണ്. ഇതുപയോഗിച്ച് ആദ്യ വായ്പ തീർക്കാനാകും. മാത്രമല്ല പലിശ 12 ശതമാനത്തിൽനിന്ന് 9.2 ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്ന് കോടിയിൽനിന്ന് 96 ലക്ഷമായി കുറയും. അതായത് പ്രതിമാസ പലിശ ഇനത്തിൽ മാത്രം 68 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് കുറഞ്ഞുകിട്ടുന്നത്. ഒരുമാസം ശമ്പളം നൽകാൻ 70 കോടിയാണ് വേണ്ടിവരുന്ന സാഹചര്യത്തിലാണ് പലശയിളവിലൂടെ പ്രതിമാസം ലാഭിക്കുന്ന 68 കോടി കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമാകുന്നത്.-
കൺസോർട്ടിയത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ വിഹിതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.