കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒരു ദിവസം പണിമുടക്കിയ ജീവനക്കാരിൽനിന്ന് ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ ഹൈകോടതിയുടെ ഇടക്കാല അനുമതി. ഈ തുക മേയിലെ ശമ്പളത്തിൽനിന്ന് കുറക്കാമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.
ശമ്പളം രണ്ടു ഗഡുക്കളാക്കിയതടക്കമുള്ള നടപടികൾ ചോദ്യം ചെയ്ത് ബി.എം.എസ് യൂനിയനായ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മേയ് എട്ടിന് 24 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്തവർക്ക് മൂന്നു ദിവസത്തെ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂനിയൻ നൽകിയ ഹരജിലയിലാണ് ഇടക്കാല ഉത്തരവ്.
മറ്റു സർക്കാർ സർവിസുകളുടേതിൽനിന്ന് ഡ്യൂട്ടി പാറ്റേൺ അടക്കമുള്ള കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് വ്യത്യാസമുണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഒരു ദിവസംകൊണ്ട് അവസാനിക്കാത്ത സർവിസ് ഉൾപ്പെടെയുള്ളതിനാൽ ഒറ്റ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാൽ മതിയാവില്ലെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. തുടർന്നാണ് ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ അനുമതി നൽകിയത്. ബാക്കിയുള്ള രണ്ട് ദിവസത്തെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് വിശദമായ വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജി 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.