ശാസ്താംകോട്ട: പ്രിയപ്പെട്ടവന്റെ വേർപാടിൽ ഇടറി നിൽക്കുകയാണ് ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്. കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ഷെമീറിന്റെ(30) കുടുംബത്തിന് ആശ്വാസം പകരാൻ പോലും കഴിയാതെ വാക്കുകൾ മുറിയുകയാണ് ഉറ്റവരും നാട്ടുകാരും. ഷെമീറിന്റെ പിതാവ് ഉമ്മറുദ്ദീനെയും മാതാവ് ഷെബീനയെയും ഭാര്യ സുറുമിയെയും സഹോദരൻ നിജാസിനെയും കാണാനും ആശ്വാസവാക്കുകൾ പറയാനും എത്തുന്നവരെകൊണ്ട് വീടും പരിസരവും നിറഞ്ഞു.
മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി വ്യാഴാഴ്ച രാവിലെ വയ്യാങ്കരയിലെ വീട്ടിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സബ് കലക്ടർ മുകുന്ദ് ഠാകുർ, കൊല്ലം റൂറൽ എസ്.പി കെ.എം. സാബു മാത്യു എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഷെമീറിന്റെ ഭാര്യ സുറുമി പത്തനാപുരം സ്വദേശിയാണ്.
തിരുവനന്തപുരത്ത് ഹോസ്റ്റലിൽനിന്ന് പഠിക്കുന്ന സുറുമിയെ ഭർത്താവിന്റെ മരണം അറിയിക്കാതെ ഉമ്മക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് വയ്യാങ്കരയിൽ എത്തിച്ചത്. ഇവിടെ എത്തിയശേഷമാണ് മരണവിവരം അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ചയോ ഞായറാഴ്ചയോ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.