കൊച്ചി: ലക്ഷദ്വീപിലെ പക്ഷിസങ്കേതത്തിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളടക്കമുള്ളവർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിൽക്കുന്നവർ ലക്ഷദ്വീപ് സ്വദേശികളായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് എം. അനീഷ്, അനിൽ മൈക്കിൾ, ഷമീർ പീർഖാൻ, സേവ്യർ സിൽവെ, വിജയ്, ശരവണൻ, മുത്തുകുമാർ, അമ്പലപ്പുഴ സ്വദേശി വർഗീസ് എന്നിവർക്ക് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.
മാർച്ച് എട്ടിനാണ് ലൈസൻസില്ലാതെയും നിരോധനം ലംഘിച്ചും മീൻപിടിച്ചതിന് ഇവരെ പിടികൂടിയത്. പക്ഷി സങ്കേതത്തിലല്ല, ലക്ഷദ്വീപിനു സമീപത്തെ കടലിലാണ് മീൻപിടിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, കടലിലാണെങ്കിലും ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും നിയമപ്രകാരം ദ്വീപ് നിവാസികളിൽനിന്ന് മത്സ്യം വില കൊടുത്തുവാങ്ങാൻ മാത്രമേ ഇവർക്ക് കഴിയൂവെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.
ജാമ്യം നൽകിയാൽ ഒളിവിൽ പോകാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പിടിയിലായത് മുതൽ കസ്റ്റഡിയിലാണെന്നത് കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് വിചാരണ പൂർത്തിയാകുന്നതുവരെ വിട്ടുനൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.