തൊടുപുഴ: മൂന്നാറിൽ ഉൾപ്പെടെ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശന ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം. നിലവിലുള്ള കൈയേറ്റങ്ങൾ തടയാൻ പ്രത്യേക കർമ പദ്ധതികൾ ആവശ്യമില്ലെന്നും സാധാരണ നടപടികളിലൂടെ നിയന്ത്രിക്കാനാകുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. കൈയേറ്റ വിഷയത്തിൽ അച്യുതാനന്ദൻ സർക്കാറിേൻറതിൽനിന്ന് വ്യത്യസ്തസമീപനമാകും പിണറായി വിജയൻ സർക്കാർ സ്വീകരിക്കുക എന്നതിെൻറ സൂചന കൂടിയാണിത്.
ഏതാനും ദിവസം മുമ്പ് പള്ളിവാസൽ വില്ലേജിലെ പരിസ്ഥിതിലോല മേഖലയിൽ പാറകൾ അടർന്നുവീഴുകയും തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാനും മേഖലയിലെ തോട്ടം തൊഴിലാളികളെ മാറ്റിപാർപ്പിക്കാനും കലക്ടർ ഉത്തരവിടുകയും ചെയ്തതോടെ കൈയേറ്റം തടയാൻ കൂടുതൽ ഫലപ്രദമായ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ബഹുനിലമന്ദിരങ്ങൾ നിർമിക്കാൻ കുന്നിടിച്ചതാണ് പാറവീണ സംഭവത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. റവന്യൂ അധികൃതരുടെയും കോടതികളുടെയും വിലക്കുകൾ ലംഘിച്ച് മൂന്നാറിൽ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും വ്യാപകമാകുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അനധികൃത നിർമാണങ്ങൾ അടിയന്തരമായി തടയണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയും ശിപാർശ ചെയ്തു. ഇൗ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
സർക്കാറിെൻറ ശ്രദ്ധയിൽെപട്ട കൈയേറ്റങ്ങളെല്ലാം ഒഴിപ്പിച്ചുവരുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാറിലെന്നല്ല ഒരിടത്തും കൈേയറ്റം അനുവദിക്കില്ല. ഇക്കാര്യത്തിൽ കർശന ജാഗ്രത പാലിക്കാനും ആവശ്യമായ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സർക്കാറിെൻറ സാധാരണ നടപടികളിലൂടെ തന്നെ കൈയേറ്റം നിയന്ത്രിക്കാനാകും.
സർക്കാറിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കൈയേറ്റം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. മൂന്നാറിൽ പ്രകടമായ കൈയേറ്റങ്ങൾ ഇപ്പോൾ ഇല്ലെന്നാണ് വിശ്വാസമെന്നും ഉണ്ടെങ്കിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൈയേറ്റം ഒഴിപ്പിക്കാൻ വി.എസ് സർക്കാർ സ്വീകരിച്ചതു പോലുള്ള പ്രത്യക്ഷ നടപടികൾക്ക് പിണറായി സർക്കാർ ഇനിയും തയാറായിട്ടില്ല. മാത്രമല്ല, കൈയേറ്റങ്ങൾക്കെതിരെ നിലപാടെടുത്ത ദേവികുളം സബ്കലക്ടർക്കെതിരെ സി.പി.എം ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾ രംഗത്തുവരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.