തിരുവനന്തപുരം: കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ലഭിച്ച തോട്ടഭൂമിയിൽനിന്ന് മുറിച്ചുവാങ്ങിയ ഭൂമിയുടെ തരം ‘പുരയിടം’ എന്നാക്കി മാറ്റാൻ നിലവിലെ നിയമപ്രകാരം നിർവാഹമില്ലെന്നും ഭൂമിയുടെ ഇനം തെറ്റായി ‘തോട്ടം’ എന്ന് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയത് തിരുത്താൻ ഭൂരേഖ തഹസിൽദാർമാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ. ബി.ടി.ആറില്‍ തോട്ടം എന്ന് കാണുന്നവയെല്ലാം കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമി കേസുള്ളവര്‍ക്ക് ഒഴിവാക്കി നല്കിയ തോട്ടമാണെന്ന് വ്യാഖ്യാനിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ബി.ടി.ആറില്‍ തോട്ടമെന്ന് രേഖപ്പെടുത്തിയ ഭൂമിയാണെങ്കില് കെട്ടിട പെര്‍മിറ്റ്, വൈദ്യുതി കണക്ഷന്, വാട്ടര്‍ കണക്ഷന് എന്നിവ അനുവദിക്കുന്നത് വിലക്കി കോട്ടയം കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത് ഉത്തരവിലെ അവ്യക്തത കാരണമാണ്. ബി.ടി.ആറില്‍ തോട്ടം എന്ന് രേഖപ്പെടുത്തിയ ഭൂമി കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഒഴിവാക്കിയവയാണെന്ന് വ്യാഖ്യാനിച്ച് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വിലക്കാന്‍ പാടില്ല. ഒഴിവ് ലഭിച്ച ഭൂമിയില്‍ തരംമാറ്റം വരുത്തിയാല്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് മാത്രമേ അധികാരമുള്ളൂ. തോട്ടം എന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ ഏകപക്ഷീയമായി വിലക്കാന്‍ വില്ലേജ് ഓഫിസര്‍ക്കോ തദ്ദേശ സ്ഥാപന സെക്രട്ടറിക്കോ അധികാരമില്ലെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമപ്രകാരം ഒഴിവാക്കിയ തോട്ടഭൂമി എന്ന നിലയില്‍ രേഖകളില്‍ പ്രത്യേകമായി രേഖപ്പെടുത്താന്‍ കഴിയുമോ എന്നതും പരിശോധിച്ചുവരുകയാണ്. ഭൂപരിഷ്കരണ നിയമത്തെ ശരിയായി വ്യാഖ്യാനിച്ചും ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലാൻഡ് ബോർഡ് കരട് സർക്കുലർ തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിലെ വ്യവസ്ഥകൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നതില്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം ലഭിച്ച ശേഷം സര്‍ക്കുലര്‍ അടിയന്തരമായി പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.