ശബരിമലയിൽ ഇപ്പോൾ എന്താണ് പ്രശ്നമെന്ന് ചെന്നിത്തല പറയട്ടെ, എന്തിനാണ് ആളെ പറ്റിക്കുന്നത്? കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ചിലർ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ലെന്ന് കാനം പറഞ്ഞു.

2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളത്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനില്‍ക്കുന്നതെന്നും കാനം പറഞ്ഞു.

അതിനാൽ സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്‌നമുണ്ടായതെന്ന വാദം ശരിയല്ല. ശബരിമലയുടെ പേരില്‍ യു.ഡി.എഫ് ആളുകളെ പറ്റിക്കുകയാണ്. യു.ഡി.എഫ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും കാനം പറഞ്ഞു.

ശബരിമല സമരമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോ. ശബരിമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് രമേശ് ചെന്നിത്തല പറയട്ടെ. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്‌നം' കാനം ചോദിച്ചു.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് പിന്നില്‍ രാഷ്ട്രീയം സംശയിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് കാനം വ്യക്തമാക്കി. തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് സീറ്റില്ലെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമോയെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

Tags:    
News Summary - Let Chennithala say what is the problem in Sabarimala now, Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.