അഞ്ചു വയസ്സുകാരന്‍റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചെടുത്തു

മാവേലിക്കര: അഞ്ചു വയസ്സുകാരന്‍റെ വിരലിൽ കുടുങ്ങിയ സ്വർണമോതിരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി മുറിച്ചെടുത്തു. പ്രാദേശിക വാർത്ത ചാനലായ കായംകുളം സി.ഡി നെറ്റ് കാമറാമാനായ മാവേലിക്കര കൊറ്റാർകാവ് ഗീവർഗീസ് സദനത്തിൽ ഷെജരാജിന്‍റെയും ദർശനയുടെയും മകനായ ഭരത് ഭൂഷണിന്‍റെ വിരലിലാണ് മോതിരം കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ വിരലിൽനിന്ന്​ മോതിരം ഊരാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോതിരം വിരലിൽ കൂടുതൽ മുറുകിയതിനാൽ ഊരാൻ കഴിയാത്തതിൽ വിഷമസ്ഥിതിയിലായ രക്ഷിതാക്കൾ ഉടൻ മാവേലിക്കര അഗ്നിരക്ഷാസേനയുടെ ഓഫിസിൽ വിവരം പറയുകയായിരുന്നു. ഇവർ മോതിരം ചെറിയ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. വേദനകൊണ്ട് വിഷമിച്ച കുഞ്ഞിനെ കുസൃതിച്ചോദ്യങ്ങൾ ചോദിച്ചും തമാശകൾ പറഞ്ഞുമാണ് ഉദ്യോഗസ്ഥർ വിരലിൽനിന്ന്​ മോതിരം മുറിച്ചെടുത്തത്. സമയോചിതമായി വിരലിൽനിന്ന്​ മോതിരം ഊരിമാറ്റിയ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞാണ് ഭരത് ഭൂഷണും മാതാപിതാക്കളും മടങ്ങിയത്. ഫോട്ടോ: അഞ്ചു വയസ്സുകാരന്‍റെ വിരലിൽ കുടുങ്ങിയ സ്വർണ മോതിരം അഗ്നിരക്ഷാസേന മുറിച്ചെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.