അപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതം

ഹരിപ്പാട്​: ആഴ്ചകളുടെ ഇടവേളക്കുശേഷം അപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതം. തോരാത്ത കനത്ത മഴയാണ്​ ദുരിതം തീർക്കുന്നത്​. ക്യാമ്പുകളിൽ നിന്നും മടങ്ങിയെത്തി ജീവിതം തുടങ്ങിയ നൂറുകണക്കിന്​ കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മടങ്ങിപോകണമെന്ന ഭീതിയിലാണ്​. വീയപുരം ഗ്രാമഞ്ചായത്ത് പരിധിയിൽ വരുന്ന മേൽപ്പാടം തുരുത്തേൽ,പായിപ്പാട്, വീയപുരം ഇരതോട്, ചെറുതനയിലെ പാണ്ടി, പോച്ച ,പുത്തൻതുരുത്ത്, ചെങ്ങാരപ്പള്ളിച്ചിറ, കാഞ്ഞിരം തുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​. വീയപുരം തുരുത്തേൽ കടവിലെ 20ലധികം വീടുകൾ ഏതു നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണ്​. ചെറുതനയിലെ പോച്ച കാഞ്ഞിരം തുരുത്ത് റോഡ് വെള്ളത്തിൽ മുങ്ങി. വീയപുരം കോയിക്കൽ ജങ്​ഷനിൽനിന്ന് കാഞ്ഞിരം തുരുത്തിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞറോഡ്​ വെള്ളംകയറിയതോടെ അപകടസാധ്യതഏറെയാണ്​. ഈ ഭാഗത്തേക്ക്​ ഓട്ടോപോലും കിട്ടാത്തസ്ഥിതിയാണ്​. ഇതോടെ, പോച്ച പുത്തൻ തുരുത്ത് പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മുട്ടാർ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളും സമാനസ്ഥിതിയാണ്​. പാടശേഖരങ്ങളിലധികവും മുങ്ങി നിറഞ്ഞ് കായലിന് സമാനമായി കിടക്കുകയാണ്. പാടശേഖരത്തിന് നടുവിൽ കഴിയുന്ന കുടുംബങ്ങൾക്കാണ്​ ഏറെദുരിതം. കന്നുകാലിത്തൊഴുത്തുകൾ വെള്ളത്തിലായതോടെ കന്നുകാലികളുടെ സംരക്ഷണവും ​പ്രതിസന്ധിയിലായി. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ കരകൃഷി പൂർണമായി തകർന്നടിഞ്ഞതോടെ നിത്യവൃത്തിക്ക് പോലും കർഷകർ ബുദ്ധിമുട്ടുകയാണ്​. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക്​ ദുരിതം ഇരട്ടിയാണ്​. APL flood veeyapuram വീയപുരത്ത് വീടിന്​ മുന്നിലെ വെള്ളക്കെട്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.