കോഴി വിപണിക്കും തിരിച്ചടി *സർക്കാറിനും ബാധ്യത ആലപ്പുഴ: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് വളർത്തിയ കർഷകർക്ക് തിരിച്ചടിയായി പക്ഷിപ്പനി. കോവിഡിൽനിന്ന് കരകയറിവരുന്നതിനിടെയാണ് പക്ഷിപ്പനി കർഷകരെ ദുരിതത്തിലാക്കിയത്. ആഘോഷങ്ങളോടനുബന്ധിച്ചോ സീസണിലോ ആണ് ഇടിത്തീയായി പക്ഷിപ്പനി പടർന്ന് കർഷകരെ ദുരിതക്കയത്തിലാക്കുന്നത്. കുട്ടനാട്ടിലെ കർഷകർക്ക് നെൽകൃഷിക്കുപുറമെ പ്രധാന ജീവനോപാധിയാണ് താറാവുകൃഷി. കൈനകരി, പുന്നപ്ര നോർത്ത്, സൗത്ത്, അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുറക്കാട്, ചെറുതന, രാമങ്കരി, ആര്യാട്, തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട്, വീയപുരം, തലവടി, തകഴി, എടത്വ, മുട്ടാർ, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്ത് പരിധികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇൗ പഞ്ചായത്തിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭ പ്രദേശത്തും താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കലക്ടർ ഉത്തരവിട്ടിരുന്നു. നേരിട്ടും അല്ലാതെയും താറാവുകൃഷിയെ ആശ്രയിക്കുന്ന നൂറുകണക്കിന് പേരാണ് ഇവിടങ്ങളിലുള്ളത്. വീടുകളിൽ താറാവിനെ വളർത്തി ചെറുകിട കച്ചവടം നടത്തുന്ന ഒട്ടേറെ വീട്ടമ്മമാർ ആലപ്പുഴ ജില്ലയിലെമ്പാടുമുണ്ട്. താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിറ്റാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. സർക്കാർ പരിശോധനകേന്ദ്രത്തിൽ രോഗബാധ സ്ഥിരീകരിക്കുന്നതടക്കം പല കടമ്പകൾക്കൊടുവിലാണ് കർഷകരെ തേടി നഷ്ടപരിഹാരമെത്തുക. കൊല്ലുന്ന താറാവുകൾക്ക് നഷ്ടപരിഹാരം കിട്ടണമെങ്കിൽ കേന്ദ്രസർക്കാറിൻെറ പരിശോധനകേന്ദ്രത്തിൽനിന്ന് ഫലം കിട്ടണം. സാംപിൾ എടുത്താലും ഭോപാലിൽനിന്ന് രോഗം സ്ഥിരീകരിച്ച് കിട്ടാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. രോഗം സംശയിച്ചാലും സ്ഥിരീകരിക്കുന്നത് വരെ ഇവക്ക് തീറ്റ നൽകണം. കൊല്ലേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പുണ്ടായാലും തീറ്റ കൊടുക്കേണ്ടി വരുന്നതിലൂടെയും കർഷകന് നഷ്ടമുണ്ട്. കാലതാമസം രോഗവ്യാപനത്തിനും ഇടയാക്കുന്നു. ഉചിത നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കോഴി വിപണിയെയും ബാധിക്കുന്നു ക്രിസ്മസ് കാലത്ത് ഡിമാൻഡുള്ള കോഴിയിറച്ചിക്കും പക്ഷിപ്പനി ഭീഷണിയാണ്. പക്ഷിപ്പനി ഇറച്ചിേക്കാഴി വിപണിയെയും തകർക്കുകയാണ്. ദിനേന 100-150 കോഴികളെ വിറ്റിരുന്ന ചെറുകിട കച്ചവടക്കാരും 1000-1500 വരെ കോഴികളെ വിൽക്കുന്ന മൊത്തവ്യാപാരികളും പറയുന്നത് കച്ചവടം പാതിയായി കുറഞ്ഞെന്നാണ്. ഹോട്ടലുകളിലും തട്ടുകടകളിലും പക്ഷിപ്പനി കാരണം ഓംലറ്റിനും ചെലവ് കുറഞ്ഞെന്ന് നടത്തിപ്പുകാർ പറയുന്നു. ദോശയും ഓംലറ്റും വൈകുന്നേരങ്ങളിൽ കാര്യമായി ചെലവായിരുന്നിടത്ത് പലരും ഓംലറ്റ് ഒഴിവാക്കിത്തുടങ്ങി. താറാവുവിഭവങ്ങൾ ക്രിസ്മസ് തീൻമേശയിൽ കാര്യമായി ഇടപിടിക്കില്ലെന്നത് ആഘോഷത്തിനും തിരിച്ചടിയാണ്. കർഷകനും സർക്കാറിനും ബാധ്യത ക്രിസ്മസ് സീസണോടടുപ്പിച്ച് മിക്ക വർഷങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന പക്ഷിപ്പനി കർഷകനെ കണ്ണീരിലാഴ്ത്തുേമ്പാൾതന്നെ സർക്കാറിനും അധിക സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കുന്നത്. മൂന്ന് തവണയായി ജില്ലയിൽ നഷ്ടപരിഹാരമായി നൽകിയത് 14 കോടി രൂപയാണ്. താറാവ് ഒന്നിന് 300 രൂപ വീതം മൃഗസംരക്ഷണ വകുപ്പിൽനിന്നാണ് നഷ്ടപരിഹാരം നൽകുന്നത്. ഇത് മറയാക്കി ലാഭം കൊയ്യുന്നവരുമുണ്ട്. നഷ്ടം കണക്കാക്കുന്നതിൽ കൃത്രിമം നടക്കുന്നതായി കർഷകരും സമ്മതിക്കുന്നു. 2014ൽ 3.8 കോടി, 2016 ഒമ്പത് കോടി, 2021 ജനുവരിയിൽ 1.10 കോടി വീതമാണ് താറാവുകർഷകർക്ക് നഷ്ടപരിഹാരം നൽകിയത്. മുൻകരുതൽ നടപടിയോ ശാശ്വതപരിഹാരമോ ഇല്ലാത്തതാണ് പ്രശ്നം. പഞ്ചായത്തുകളുടെ തനത് ഫണ്ടിൽനിന്നാണ് താറാവുകളെ കൊല്ലുന്ന നടപടിക്ക് തുക ചെലവിടേണ്ടത്. കോവിഡ്കാലത്ത് വരുമാന പ്രതിസന്ധി നേരിടുന്നതിനിടെ ഈ ചെലവുകൂടി താങ്ങാനാകാത്ത സ്ഥിതിയാണ് പഞ്ചായത്തുകൾക്ക്. വിറകുക്ഷാമം മൂലം നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ ഇക്കുറി പക്ഷികളെ കൊല്ലുന്നത് മാറ്റിവെക്കേണ്ടിവന്നു. വിറക്, ചാക്ക്, പഞ്ചസാര, ഡീസൽ, തൊഴിലാളികൾ തുടങ്ങിയവക്കുള്ള തുകയാണ് പഞ്ചായത്തുകൾ ലഭ്യമാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.