അമ്പലപ്പുഴ: കോവിഡ് നാളിൽ തമിഴ്നാട്ടിൽനിന്ന് എത്തി അലഞ്ഞുതിരിഞ്ഞ യുവാവ് സ്വദേശത്തേക്ക് മടങ്ങി. പുന്നപ്ര ശാന്തിഭവൻ അഭയമേകിയ തിരുനെൽവേലി സ്വദേശി ബാലമുരുകനാണ് (43) ശാന്തിഭവനിൽനിന്ന് നാട്ടിലേക്ക് യാത്രയായത്.
രണ്ടുമാസം മുമ്പ് ഇയാൾ ജോലി തേടിയാണ് കേരളത്തിലേക്ക് തിരിച്ചത്. പെയിൻറിങ് തൊഴിലാളിയായിരുന്നു. എന്നാൽ, കോവിഡ് വ്യാപനമുള്ളതിനാൽ ആരും അടുപ്പിച്ചില്ല. വിശപ്പകറ്റാൻ വഴിയരുകിൽനിന്നുള്ള വെള്ളം മാത്രമായിരുന്നു ആശ്രയം. മുടിയും താടിയും വളർന്നു അവശനായി കപ്പക്കടക്ക് സമീപം ദേശീയപാതയോരത്ത് കിടന്ന ഇയാളെ ബ്രദർ മാത്യു ആൽബിൻ ശാന്തിഭവനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് താടിയും മുടിയും വടിച്ചു. ഭക്ഷണം നൽകിയതോടെ ബാലമുരുകൻ ആരോഗ്യം വീണ്ടെടുത്തു. പിന്നീട് 12 ദിവസം ശാന്തിഭവനിലെ പെയിൻറിങ് ജോലികൾ ഇദ്ദേഹമാണ് ചെയ്തത്. തുടർന്നു നാട്ടിൽ പോകണമെന്ന് ആഗ്രഹം അറിയിച്ചതോടെ ബ്രദർ മാത്യു ആൽബിൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് തമിഴ്നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. ബാലമുരുകന് ചെലവുകൾക്കായി 10,000 രൂപ പടഹാരം സെൻറ് ജോസഫ് ചർച്ചിലെ വികാരി മാർട്ടിനും പുന്നപ്ര സെൻറ് ഗ്രിഗോറിയോസ് പള്ളിയിൽനിന്നെത്തിയ ഫാ. മാത്യു മുല്ലശേരില്‍ വസ്ത്രങ്ങളും നൽകി.
യാത്രയയപ്പ് ചടങ്ങ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. വിയാനി പള്ളി സഹവികാരി മൈക്കിൾ ജോർജ്, ഫാ. മാർട്ടിൻ, ഫാ. മാത്യു മുല്ലശ്ശേരി, കെ.എഫ്. തോബിയാസ്, മധു പുന്നപ്ര, ബി. ജോസ് കുട്ടി, നിസാർ വെള്ളാപ്പള്ളി, പി.എ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.