അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന വിവാദ സംഭവങ്ങളിൽ അന്വേഷണങ്ങൾ പാതിവഴിയിൽ ആവിയാകുന്നു. കഴിഞ്ഞ ദിവസം ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും പ്രഹസനമാകുമെന്നാണ് ഭക്തരുടെ ആശങ്ക. മുമ്പ് മുത്തുക്കുടയിലെ സ്വർണം നഷ്ടപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. തേഞ്ഞുതീർന്നെന്നായിരുന്നു ഒടുവിലെ കണ്ടെത്തൽ. വിശേഷദിവസങ്ങളിൽ മാത്രം സ്ട്രോങ് മുറിയിൽനിന്ന് പുറത്തെടുക്കാറുള്ള മുത്തുക്കുടയുടെ പിടിയിലെ സ്വർണപ്പാളിയാണ് കാണാതായത്. പുറംലോകം അറിയാതിരിക്കാൻ പിടി പട്ടുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. യാദൃശ്ചികമായി ഇതഴിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.
രത്നങ്ങൾ പതിപ്പിച്ച പതക്കം നഷ്ടപ്പെട്ടതാണ് പിന്നീട് വിവാദമായത്. വിശേഷ ദിവസങ്ങളിൽ ഭഗവാന് ചാർത്താനുള്ള പതക്കം കാണാനില്ലെന്ന് അറിഞ്ഞിട്ടും അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പരാതി നൽകാൻപോലും തയാറായില്ല. ഉപദേശകസമിതി മുൻ പ്രസിഡൻറ് കൂടിയായ സുഭാഷ് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ദിവസങ്ങൾക്കുശേഷം ഇത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് രൂപമാറ്റം വരുത്തിയ നിലയിൽ തിരിച്ചുകിട്ടിയെങ്കിലും അന്വേഷണം ഒരു അന്തേവാസിയിൽ ഒതുങ്ങി. കേസ് നടപടി പൂർത്തിയായെങ്കിലും പതക്കം നിലവിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗോശാലയിലെ പശുക്കളോടും ദേവസ്വം അധികൃതർ ക്രൂരത കാട്ടിയിരുന്നു. പശുക്കൾ ഭക്ഷണം കിട്ടാതെയും മതിയായ ചികിത്സ ലഭിക്കാതെയും ചത്ത സംഭവങ്ങൾ നിരവധിയാണ്. ഗജരാജൻ വിജയകൃഷ്ണൻ ചെരിയാനുണ്ടായ സംഭവത്തിലും ഭക്തരുടെ പ്രതിഷേധം ശക്തമാണ്. ക്രൂരമർദനം ഏറ്റിരുന്നതായാണ് ഭക്തർ ആരോപിക്കുന്നത്. സംഭവത്തിൽ പാപ്പാന്മാരെയും ഡെപ്യൂട്ടി കമീഷണറെയും മാറ്റി അന്വേഷണം വഴിമുട്ടിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.