അമ്പലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ വിലവരുന്ന നെല്ല്. പാഡി ഓഫിസർമാരുടെ പിടിവാശിയാണ് നെൽകർഷകരെ ആശങ്കയിലാക്കി നെല്ല് കെട്ടിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും മില്ലുടമകളും ഇടനിലക്കാരുമാണ് കർഷകരെ ചൂഷണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ പാഡി ഓഫിസറുടെ പിടിവാശിയാണ് കർഷകർക്ക് വിനയായത്.
കർഷകർ അളവിൽ കൂടുതൽ നെല്ല് നൽകേണ്ടി വരുന്ന കിഴിവ് രീതിയാണ് എല്ലാക്കാലത്തും പ്രതിസന്ധി. അത് ഇക്കുറിയും കർഷകരെ വിഷമിപ്പിക്കുന്നു. നെല്ലെടുക്കാനെത്തുന്ന ഇടനിലക്കാരും മില്ലുടമകളുടെ പ്രതിനിധികളും കിഴിവ് ആവശ്യപ്പെടുന്നതാണ് പതിവ്. ഇത്തവണ മില്ലുടമകൾ ആവശ്യപ്പെട്ടതിലും അധികം കിഴിവ് നൽകണമെന്നാണ് പാഡി ഓഫിസർ പറയുന്നത്. ഇതോടെ പുന്നപ്ര വെട്ടിക്കരി, നാലുപാടം, പൊന്നാങ്കരി പാടശേഖരങ്ങളിലെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ഒരാഴ്ച മുമ്പാണ് ഈ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയാക്കിയത്. ഏക്കറിന് 30000 -35000 രൂപ വരെ ചെലവിട്ടാണ് കൃഷി നടത്തിയത്.
യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കാൻ മണിക്കൂറിന് 1750 രൂപ വാടകയും നൽകി. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ദിവസം പാടശേഖരത്തെത്തിയ മില്ലുടമകളുടെ ഏജൻറുമാർ ക്വിൻറലിൻമേൽ എട്ട് കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ക്വിൻറലിന് മൂന്ന് കിലോ കിഴിവാണ് നൽകിയത്.
ഇത്തവണ നെല്ലിന് ഈർപ്പമില്ലെങ്കിലും മൂന്ന് കിലോ വരെ കിഴിവ് നൽകാൻ തയാറാണെന്ന് കർഷകർ പറയുന്നു. എന്നാൽ, ക്വിൻറലിന് ഒമ്പതര കിലോ കിഴിവ് നൽകണമെന്നാണ് പാഡി ഓഫിസർ കർഷകരോട് ആവശ്യപ്പെട്ടത്. ഇത് താങ്ങാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. മില്ലുടമകൾക്ക് കിഴിവ് നൽകുന്ന നെല്ലിെൻറ കയറ്റിറക്ക് കൂലി വരെ കർഷകർ വഹിക്കണം.
സ്വർണം പണയം വെച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം വായ്പയെടുത്തുമാണ് പല കർഷകരും കൃഷി നടത്തുന്നത്. ഇവരെ മില്ലുടമകളുടെ പിന്തുണയോടെ ചൂഷണം ചെയ്ത് വലിയ തുക തട്ടിയെടുക്കുകയാണ് പാഡി ഓഫിസർമാർ. കർഷകർക്കൊപ്പം നിൽക്കേണ്ട പാഡി ഓഫിസർമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ഈ കടുംപിടിത്തമാണ് നെല്ല് കെട്ടിക്കിടക്കാൻ ഇടയാക്കിയത്.
മഴ കനത്താൽ ഈ കർഷകരുടെ മാസങ്ങളായുള്ള അധ്വാനം പാഴാകും.
ഇതു കണക്കിലെടുത്ത് അടിയന്തിരമായി നെല്ല് സംഭരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.