അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായി പരാതി.
ജില്ലയിൽ വിവിധയിടത്തായി പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളാണ് സർക്കാർ നിർദേശം കാറ്റിൽപറത്തി വീടുകളിലെത്തി പണപ്പിരിവ് നടത്തുന്നത്.
ജില്ലയിൽ തീരദേശത്തെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലായതോടെ പല കുടുംബങ്ങളും പണിയില്ലാതെ പട്ടിണിയിലാണ്. ഇതോടെയാണ് വീട്ടുചെലവിനും മറ്റു കാര്യങ്ങൾക്കുമായി സ്ത്രീകൾ ഇത്തരം ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പലിശക്ക് പണമെടുക്കുന്നത്.
മുൻ കാലങ്ങളിലും ഇതേരീതിയിൽ പണമെടുക്കാറുണ്ടെങ്കിലും ചെമ്മീൻ പീലിങ് മേഖലയിൽ പണിയെടുത്താണ് തുക തിരിച്ചടച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ കണ്ടെയ്ൻമെൻറ് സോണുകളിലടക്കം ചെമ്മീൻ പീലിങ് നിലച്ചിട്ടും ഇത് കണക്കിലെടുക്കാതെയാണ് ധനകാര്യ സ്ഥാപനങ്ങൾ പണപ്പിരിവ് നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിലെത്തി സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.
എന്നാൽ, പിന്നീട് പലിശക്ക് പണം കിട്ടില്ലെന്ന് കരുതി പലരും സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാനും തയാറായിട്ടില്ല. കണ്ടെയ്ൻമെൻറ് സോണുകളിൽ ഇത്തരം പണപ്പിരിവ് നടത്തരുതെന്ന് കലക്ടർ പ്രത്യേക നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പണപ്പിരിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.