അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അടച്ചിട്ട മുറിയിൽ തീപിടിത്തം. ഫോട്ടോസ്റ്റാറ്റ് മെഷീൻ കത്തിനശിച്ചു. ജെ. ബ്ലോക്കിൽ സൂപ്രണ്ട് ഓഫിസ് ഹാളിലെ വടക്കേ അറ്റത്തെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചക്ക് 1.15 ഓടെയായിരുന്നു സംഭവം.
ഷോർട് സർക്യൂട്ട് മൂലം സീലിങ് ഫാനിൽ തീപിടിച്ച് മുറിയിൽ വീണ് പ്ലാസ്റ്റിക്ക് കസേരയിലും ഫോട്ടോസ്റ്റാറ്റ് മെഷീനിലേക്കും പടരുകയായിരുന്നു. മുറി പൂട്ടി ജീവനക്കാരൻ ഊണ് കഴിക്കാൻ പോയ സമയമായിരുന്നു അപകടം. ഫാൻ വീണതിെൻറ ശബ്ദവും മുറിയിൽനിന്ന് പുക ഉയരുന്നതും കണ്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ജീവനക്കാരൻ ഫയർ യൂനിറ്റ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരായ അജിയും അജീഷുമെത്തി മെയിൻ സ്വിച്ചുകൾ ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വേർപെടുത്തി. തുടർന്ന് എയ്ഡ് പോസ്റ്റ് പൊലീസും സുരക്ഷ ജീവനക്കാരും ഓഫിസ് ജീവനക്കാരും ചേർന്ന് തീഅണച്ചു.
മുറി അടഞ്ഞുകിടക്കുമ്പോഴും ഫാൻ പ്രവർത്തിച്ചിട്ടുണ്ടാവാം. അങ്ങനെയാവാം ഫാനിൽ ഷോർട്ട് സർക്യൂട്ടുണ്ടായതെന്ന് ഇലക്ട്രിക് വിഭാഗം പറയുന്നു. എന്നാൽ, ഫാൻ ഓഫായിരുന്നു. നിജ സ്ഥിതി അന്വേഷിക്കണമെന്നാവശ്യപെട്ട് അമ്പലപ്പുഴ പൊലീസിന് പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. രാംലാൽ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആശുപത്രിയിലെ ഫയർ യൂനിറ്റുകൾ പലതും പ്രവർത്തിക്കുന്നില്ല. വർഷങ്ങളായി സ്ഥാപിച്ച പൈപ്പുകളും മറ്റും തുരുമ്പടിച്ചിരിക്കുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാനാകാത്ത അവസ്ഥയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.