അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെക്കാൻ സ്ഥലം കൊടുത്ത് കുടുംബം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ വൈ.എം.എ ഷുക്കൂർ തന്റെ പേരിലെ 13 സെൻറിൽ നിന്നാണ് അയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിർധന കുടുംബത്തിന് മൂന്ന് സെൻറ് സ്ഥലം നൽകുന്നത്.
അർബുദം ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വിൽക്കേണ്ടിവന്ന വൃദ്ധമാതാവിനും യുവതിയായ മകൾക്കും, ഷുക്കൂർ ശനിയാഴ്ച ഭൂമിയുടെ രേഖകൾ കൈമാറും. ഞായറാഴ്ചയാണ് ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷഫീഖിന്റെ വിവാഹം.
സ്ത്രീധനം വാങ്ങാതെ ആർഭാടങ്ങൾ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വർഷമായി ഷുക്കൂറിന്റെ അയൽവീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നൽകുന്നത്. ഇവരുടെ മരുന്നും വീട്ടുചെലവും ഷുക്കൂറാണ് നടത്തുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ കൈത്താങ്ങും ഇടക്ക് ലഭിക്കാറുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഷുക്കൂറിന്റെ ഓട്ടോയിലാണ്.
കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഓട്ടോ റിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബവും. ഇതിനിടയിലാണ് സെൻറിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ഇവർ സൗജന്യമായി നൽകുന്നത്. ഇവർക്കൊരു വീട് വെച്ച് നൽകുന്നതും പരിഗണനയിലുണ്ട്. മറ്റുള്ളവരുടെ സഹായത്താൽ അതും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
കാക്കാഴം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഷുക്കൂർ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു നിർധനകുടുംബത്തിന് വീടുവെച്ച് നൽകിയിട്ടുണ്ട്. നിരവധിപേർക്ക് ചികിത്സാധനസഹായവും നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.