അമ്പലപ്പുഴ: ഗാന്ധി സ്മൃതിവനം വിഭാവനം ചെയ്ത പ്രദേശം ഇപ്പോൾ വിഷപ്പാമ്പുകളുടെയും നീർനായ്ക്കളുടെയും വിഹാര കേന്ദ്രം. മാറിവന്ന സർക്കാറുകൾ വിവിധ പദ്ധതികൾ മാറ്റി ആലോചിച്ചെങ്കിലും മൂന്ന് പതിറ്റാണ്ടായി പുറക്കാട് മണക്കല്‍ പാടശേഖരം വെറുതെ കിടക്കുന്നു.
വനമില്ലാത്ത ആലപ്പുഴക്ക് ഒരു നിര്‍മിത വനം ലക്ഷ്യമിട്ടാണ് പുറക്കാട് പഞ്ചായത്തില്‍ 1994ല്‍ ഗാന്ധി സ്മൃതിവനം പദ്ധതിക്ക് തുടക്കമിടുന്നത്. കെ കരുണാകരന് സര്‍ക്കാര്‍ ഇതിനായി മണക്കല്‍ പാടശേഖരത്തിലെ 415 ഏക്കറോളം ഏറ്റെടുത്തു. പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ ഇവിടെനിന്ന് മണല്‍കടത്ത് പതിവായി.
ഏറ്റെടുത്ത നിലം തരിശിട്ടതോടെ ശേഷിക്കുന്നവ കൃഷി ചെയ്യാനാകാതായി. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ പദ്ധതിയോട് താല്പര്യം കാട്ടാതിരുന്നതോടെ പ്രദേശം കാടുകയറി വിഷജന്തുക്കളുടെ താവളമായി. അതിനിടെ പദ്ധതി പ്രദേശം കൃഷിയോഗ്യമാക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതിനിടെ വി.എസ് സര്‍ക്കാര്‍ ഇവിടെ ഐ.ടി പാർക്കിന് പദ്ധതി തയാറാക്കി. ഇതിനായി രണ്ട് കോടിയും വകയിരുത്തി. ആർഭാടമായി ഉദ്ഘാടന ചടങ്ങുകളും സംഘടിപ്പിച്ചു. പദ്ധതി പ്രദേശത്തെ 80 ഏക്കര്‍ നിലം ഇതിനായി ഏറ്റെടുത്തു. ഇതില്‍ എട്ട് ഏക്കര്‍ നിലം കരിങ്കൽ ബണ്ട് നിർമിച്ച് മണ്ണിട്ട് ഉയര്‍ത്തി. എന്നാല്‍, ജിയോളജി വകുപ്പിെൻറ പരിശോധനയിൽ ഇവിടം പദ്ധതിക്ക് യോജിച്ച പ്രദേശമെല്ലന്ന് റിപ്പോർട്ട് നൽകിയതോടെ ഐ.ടി പാർക്കെന്ന സ്വപ്നവും തകർന്നു.
പിന്നാലെ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ വനം വകുപ്പ് നേതൃത്വത്തിൽ എക്കോടൂറിസത്തിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഐ.ടി പാര്‍ക്ക് പദ്ധതിയില്‍ വകയിരുത്തിയ രണ്ട് കോടിയിൽ ഒരു കോടി വനം വികസന കോർപറേഷെൻറ എക്കോ ടൂറിസം വകുപ്പിന് കൈമാറി. ഐ.ടി പാർക്കിനായെടുത്തതുൾെപ്പടെ 160 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ നടക്കേണ്ടിയിരുന്നത്. ഇതിനായി പുറം ബണ്ട് നിർമിക്കാൻ കരാർ നൽകുകയും ചെയ്തു. പുന്തലയിൽ ഓഫിസ് പ്രവർത്തനവും ആരംഭിച്ചു. ഇതും പാതിവഴിയിൽ ഉപേക്ഷിച്ചു.
കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വനം വകുപ്പിെൻറ നേതൃത്വത്തില്‍ വനം വികസന കോര്പറേഷന് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുറക്കാട് മണക്കല്‍ പാടശേഖരം ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. വനം വികസന കോര്പറേഷന് സ്ഥലം തിട്ടപ്പെടുത്തി അതിരുകള്‍ നിശ്ചയിച്ചു.
കോര്‍പറേഷെൻറ കീഴില്‍ സൊസൈറ്റി രൂപവത്കരിച്ച് പദ്ധതിയുടെ പ്രവര്‍ത്തനം നടത്താനായിരുന്നു തീരുമാനം. സൊസൈറ്റി രൂപവത്കരിക്കാന്‍ പഞ്ചായത്ത് പ്രസിഡൻറിനെ ചുമതലപ്പെടുത്തിയതൊഴിച്ചാൽ പദ്ധതി മുന്നോട്ടുപോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.