'പുന്നപ്പറ' പിന്നീട് പുന്നപ്രയായി

അമ്പലപ്പുഴ: പുന്നപ്ര ചരിത്രത്താളുകളിൽ ഇടം നേടിയ ഗ്രാമമാണ്. ഈ ഗ്രാമത്തിന് പുന്നപ്രയെന്ന് പേരുലഭിച്ചതിന് പിന്നിൽ എഴുതപ്പെടാത്ത ചില കഥകളുണ്ട്. സ്ഥലനാമങ്ങള്‍ക്ക് മുമ്പ് മൈലുകളിലും കുറ്റികളിലുമാണ് സ്ഥലങ്ങള്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ഓരോ സ്ഥാപനങ്ങളുടെയും പ്രധാനമരങ്ങളുടെ പേരില്‍ സ്ഥലനാമങ്ങള്‍ വന്നു. പുന്നപ്രയെന്ന പേരും അങ്ങനെയാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.

പുന്നപ്പറയാണ് പിന്നീട് പുന്നപ്രയായി ചുരുക്കപ്പേരിൽ അറിയപ്പെട്ടതെന്നാണ് പഴമക്കാർ പറയുന്നത്. പുന്നപ്ര ഗ്രാമം ചെറുപുന്നകൾ തിങ്ങിവളർന്നിരുന്ന നാടായിരുന്നു. സ്മരണകൾ പുതുക്കി പലയിടങ്ങളിലും ഇന്നും പുന്നമരങ്ങൾ കാണാം.

ഒരുകാലത്ത് ഏറെ പ്രിയമുണ്ടായിരുന്ന പുന്നക്കായ് എണ്ണ ശേഖരിക്കാൻ സമീപ ജില്ലകളിൽനിന്നും നിരവധി പേരാണ് ഈ ഗ്രാമത്തിൽ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ പുന്നപ്ര എന്ന പേരിനുപിന്നിൽ പുന്നമരത്തിന് പ്രസക്തിയുണ്ടെന്ന് ഉറപ്പിക്കാം. ചെമ്പകശ്ശേരി നാട്ടുരാജ്യത്തെ പ്രധാന കൃഷി നെല്ലായിരുന്നു. ജനം അധികവും കാർഷികവൃത്തിയിലായിരുന്നു ഏർപ്പെട്ടിരുന്നത്. ജന്മികൾ അന്ന് നെല്ല് അളന്നെടുത്തിരുന്നത് നാഴിയും ചങ്ങഴിയും കൊണ്ടായിരുന്നു. ഇങ്ങനെ നെല്ല് അളന്ന് തിട്ടപ്പെടുത്തുന്നതിന് സമയം കൂടുതൽ വേണ്ടിവന്നിരുന്നു. നെല്ല് അളക്കുന്നതിന് വലിയ ഒരുഅളവ് പാത്രം വേണമെന്ന താൽപര്യം രാജാവ് മന്ത്രിയെ അറിയിച്ചു.

തുടർന്ന് പല പ്രദേശങ്ങളിൽനിന്നും ജന്മികളുടെ കഴിവുതെളിയിക്കുന്ന തരത്തിലെ പാത്രങ്ങൾ തയാറാക്കി രാജാവിന് കാഴ്ചവെച്ചത്രേ. പുന്നമരം ഏറെയുണ്ടായിരുന്ന പ്രദേശത്തുകാരൻ പുന്നത്തടിയിൽ മനോഹരമായി തീര്‍ത്ത പറയും കാഴ്ചവെച്ചു. ചെമ്മണ്ണി‍െൻറ നിറത്തില്‍ കൊത്തുപണികള്‍ ചെയ്ത പറ രാജാവിന് ഏറെ ഇഷ്ടപ്പെട്ടു. കൃത്യമായ അളവിലാണ് പറ നിർമിച്ചത്. എട്ട് ചങ്ങഴി നെല്ല് കൊള്ളുന്ന (32 നാഴി) പറ.

ഏറെ സന്തോഷം തോന്നിയ രാജാവ് പുന്നപ്പറക്കാരനെ തന്‍റെ മുന്നില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. രാജാവ് അയാള്‍ക്ക് കിഴിപ്പണവും പാരിതോഷികവും നല്‍കി. പുന്നമരത്തിൽ നിർമിച്ച പറകൊണ്ടുവന്ന ആളിനെ പുന്നപ്പറക്കാരൻ എന്നുവിളിക്കുകയും പിന്നീട് ഈ നാടിനും 'പുന്നപ്പറ' എന്ന് പേരുലഭിച്ചെന്നുമാണ് മറ്റൊരു കഥ.

Tags:    
News Summary - History of Punnapra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.