അമ്പലപ്പുഴ: കോവിഡ് പ്രതിസന്ധിയിൽ ലോറി ഡ്രൈവർമാർക്ക് അത്താഴമൊരുക്കി യുവാക്കളുടെ നാട്ടുകൂട്ടം. പുന്നപ്ര മാർക്കറ്റ് ജങ്ഷനിലാണ് വൈകീട്ട് നാലോടെ ഒരുകൂട്ടം യുവാക്കൾ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവുമായെത്തുന്നത്. ദീർഘദൂരം യാത്രചെയ്തു വരുന്ന ലോറികൾക്ക് മുന്നിൽ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും ഉയർത്തിക്കാണിച്ച് വാഹനങ്ങൾ നിർത്തിക്കും.
ഡ്രൈവർക്കും ഒപ്പമുള്ള ക്ലീനർക്കും ഓരോ പൊതികളും ഒരു കുപ്പിവെള്ളവും നൽകി പറഞ്ഞയക്കും.ലോക്ഡൗൺ ആയതിനാൽ വൈകീട്ടോടെ ഹോട്ടലുകളെല്ലാം അടച്ചിടും. പിന്നീട് ഭക്ഷണം കിട്ടാൻ മറ്റ് മാർഗമില്ലാത്തതാണ് യുവാക്കൾ ഇങ്ങനൊരു സേവനത്തിനൊരുങ്ങിയത്. ഒരു ദിവസം 100 പൊതികളാണ് ഒരുക്കുന്നത്. രാവിലെ പത്തോടെ യുവാക്കൾ ഭക്ഷണം ഒരുക്കാൻ തുടങ്ങും. മൂന്നോടെ ഭക്ഷണം പൊതികളാക്കി വിതരണത്തിന് തയാറാകും.
ചെറിയ പെരുന്നാൾ ദിനത്തിലാണ് ഭക്ഷണ വിതരണത്തിന് തുടക്കം. പിന്നീടത് തുടരുകയായിരുന്നു. യുവാക്കൾ വീതംവെച്ചെടുക്കുന്ന തുക ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യപ്പെടാതെ തന്നെ പലരും ധനസഹായം ചെയ്യുന്നുണ്ട്.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം എൻ.കെ. ബിജു, സജിഭാസ്, അനിക്കുട്ടൻ, രാജേന്ദ്രൻ, ഹർഷാദ്, ബാലാനന്ദൻ, ജയൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതി വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.