അമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ െചരിഞ്ഞതിന് ഉത്തരവാദിയായിട്ടും കോൺഗ്രസ് നേതാവ് കൂടിയായ ദേവസ്വം ഓഫിസർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം. ദേവസ്വം െഡപ്യൂട്ടി കമീഷണർക്കാണ് ആനയുടെ ചുമതലയുണ്ടായിരുന്നത്.
ആറുമാസം മുമ്പ് വിജയകൃഷ്ണെൻറ കാലിൽ വ്രണമുണ്ടായ ശേഷം നടത്തിയ പരിശോധനയിൽ ആനയെ പുറത്ത് ഉത്സവങ്ങൾക്കും എഴുന്നള്ളിപ്പിനും കൊണ്ടുപോകരുതെന്ന് ദേവസ്വം, വനം വകുപ്പുകളുടെ മൃഗഡോക്ടർമാർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് ആനയെ രണ്ട് മാസത്തിലേറെക്കാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ നിരവധി ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കൊണ്ടുപോകാൻ ദേവസ്വം െഡപ്യൂട്ടി കമീഷണർ അനുമതി നൽകിയത്. ഇതോടെ അവശനായതിനൊപ്പം പാപ്പാന്മാരുടെ കൊടിയ മർദനവും കൂടിയായതോടെയാണ് വിജയകൃഷ്ണൻ ചെരിഞ്ഞത്.
എന്നാൽ, വിജയകൃഷ്ണൻ െചരിഞ്ഞ ദിവസം ആനയുടെ മുഖ്യചുമതലയുള്ള ഈ ഉദ്യോഗസ്ഥൻ അമ്പലപ്പുഴയിലെത്താൻ പോലും തയാറായില്ല. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ മാറ്റിനിർത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഏത് രീതിയിലാണ് ഈ നടപടിയെന്ന് വ്യക്തമായിട്ടില്ല.
സാധാരണ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയോ സസ്പെൻഡ് ചെയ്യുകയോ ആണ് പതിവ്. എന്നാൽ, ഇത് രണ്ടും ഒഴിവാക്കി ഐ.എൻ.ടി.യു.സി നേതാവ് കൂടിയായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ സീനിയർ െഡപ്യൂട്ടി കേഡറിലുള്ള ഈ ഉദ്യോഗസ്ഥൻ യു.ഡി.എഫ് ഭരണം ഉറപ്പായാൽ ഉടൻ ദേവസ്വം സെക്രട്ടറിയോ കമീഷണറോ ആകാൻ സാധ്യതയുണ്ട്. എന്നാൽ, ആന ചെരിഞ്ഞതിെൻറ പേരിൽ സ്ഥലംമാറ്റമോ സസ്പെൻഷനോ ഉണ്ടായാൽ പ്രമോഷൻ തടസ്സപ്പെടും.
ഇതൊഴിവാക്കാനാണ് ദേവസ്വം ബോർഡ് ഇദ്ദേഹത്തെ മാറ്റിനിർത്തിയിരിക്കുന്നത്. സർക്കാർ റൂളിന് വിരുദ്ധമായ നടപടിയാണ് ഇതെന്ന് ആക്ഷേപമുണ്ട്. ഇദ്ദേഹം കുറ്റക്കാരനാണെന്ന രീതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചാലും തുടർനടപടിയുണ്ടാകാനിടയില്ല.
വനം, ദേവസ്വം വകുപ്പുകളുടെ നിർദേശം മറികടന്ന് ആനയെ മറ്റ് ക്ഷേത്രങ്ങളിലേക്ക് അയക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് ഭക്തരുടെ ആവശ്യം.
പാപ്പാന്മാരെ സസ്പെൻഡ് ചെയ്തപോലെ െഡപ്യൂട്ടി കമീഷണർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.