തകരഷീറ്റില്‍ പണിത കൂരക്ക് മുന്നില്‍
അച്ഛനും അമ്മക്കുമൊപ്പം ദീപ്തി
അമ്പലപ്പുഴ: ബാഗും തൂക്കി പൊന്നുമ്മയും നല്കി മകന് സ്കൂളിലേക്ക് പോയാൽ അകലെനിന്നുള്ള ട്രെയിെൻറ ചൂളം വിളിയൊച്ച കേള്‍ക്കുമ്പോള്‍ അമ്മയുടെ ഇടനെഞ്ചില്‍ പെരുമ്പറ കൊട്ടും. മകെൻറ തിരികെയുള്ള വരവും പ്രതീക്ഷിച്ച് അമ്മ പാതയോരത്ത് കാത്തിരിക്കും. ഭീതിയുടെ നിഴലില്‍ ഒടുവില്‍ മകെൻറ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിെൻറ ദുഃഖത്തിലാണ് ഈ കുടുംബം.
തകഴി പഞ്ചായത്ത് 14ാം വാർഡിൽ കല്ലേപ്പുറം ദീപ്തി ഭവനത്തിൽ ദീപ്തിയുടെ മകന് ആദർശ് വിനോദിെൻറ (10) പഠനമാണ് യാത്രാദുരിതത്തിെൻറ പേരില്‍ നിര്‍ത്തിവെച്ചത്. 27 വര്‍ഷം മുമ്പാണ് തകഴി സ്മാരകത്തിന് വടക്ക് എട്ട് സെൻറ് സ്ഥലം വാങ്ങി അച്ഛന് ഗോപി, അമ്മ സുകുമാരി എന്നിവേരാടൊപ്പം താമസമാക്കിയത്. സ്ഥലം വാങ്ങുമ്പോള്‍ ഉടമ ഇവര്‍ക്ക് നടവഴിയും നല്‍കിയിരുന്നു. എന്നാല്‍, ചതുപ്പായ വഴിയിലൂടെ കാല്‍നടപോലും പറ്റാത്ത അവസ്ഥയിലാണ്. പിന്നീട് റെയില്‍വേ പാളം മുറിച്ച് കടന്നാണ് യാത്രചെയ്തിരുന്നത്. മകന് സ്കൂളില്‍ പോയിരുന്നതും പൊതുടാപ്പില്‍നിന്ന് വെള്ളം ശേഖരിച്ചിരുന്നതുമെല്ലാം ഈ പാളത്തിലൂടെയായിരുന്നു. എന്നാല്‍, പാളം ഇരട്ടിപ്പിച്ചതോടെ ഇതുവഴി യാത്ര അപകടകരമായി.
കൂലിപ്പണിയെടുത്താണ് ദീപ്തിയും കുടുംബവും കഴിയുന്നത്. മേസ്തിരിയായ ഭര്‍ത്താവ് വിനോദിനും വല്ലപ്പോഴുമാണ് ജോലിയുള്ളത്. വിനോദ് തൊഴിലിെൻറ ഭാഗമായി ഹരിപ്പാടാണ് താമസം. ദീപ്തി ജോലിക്ക് പോകുമ്പോള്‍, കിടപ്പിലായ അച്ഛനും കേള്‍വി നഷ്ടപ്പെട്ട അമ്മയും മാത്രമാണുള്ളത്. ഇരട്ടപ്പാളം കടന്ന് മകെൻറ സ്കൂളിലേക്കുള്ള യാത്ര ദീപ്തിയെ ഭീതിയിലാക്കി. ഓരോ ട്രെയിെൻറയും ചൂളംവിളി കേള്‍ക്കുമ്പോഴും മകന് സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ ഫോണില്‍ വിളിക്കും.
ഇത് സ്വസ്ഥമായി ജോലി ചെയ്യാന്‍ പറ്റാതാക്കി. ഒടുവില്‍ മകെൻറ സ്കൂളിെല പഠനം വേണ്ടെന്നുവെച്ചു. ചോര്‍ന്നൊലിക്കുന്ന തകരഷീറ്റ് മേഞ്ഞ കൂരക്കുള്ളില്‍ കഴിയുമ്പോഴും അധികാരികളോട് നടവഴി ഒന്ന് നന്നാക്കണമെന്ന ആഗ്രഹം മാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പട്ടിക വിഭാഗത്തിൽപെട്ട ഇവർ ആറുവർഷമായി ഇതിന് പഞ്ചായത്തിൽ കയറിയിറങ്ങിയിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. ഒടുവില്‍ 10 വയസ്സുകാരെൻറ കുഞ്ഞുമനസ്സിലെ വലിയ ദുഃഖങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സ്ഥലം ഉടമയുടെ അനുമതി ഇല്ലാത്തതാണ് തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.