അമ്പലപ്പുഴ: ട്രേഡ് യൂനിയന്റെ ലയന സമ്മേളനത്തിന് സ്വരുക്കൂട്ടിയ തുകയിൽനിന്ന് ജപ്തി ഭീഷണിയാലായ കിടപ്പാടത്തിന്റെ വായ്പ അടച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺമക്കൾക്ക് തലചായ്ക്കാൻ ഇടമൊരുക്കി പ്രവർത്തകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പോതിരപ്പള്ളി വീട്ടിൽ രഞ്ജിത് ലാൽ-ശ്രീകല ദമ്പതികളുടെ മക്കൾക്കാണ് കേരള ബാങ്ക് ട്രേഡ് യൂനിയൻ ലയന സമ്മേളനത്തിന്റെ ഭാഗമായി കിടപ്പാടം ലഭിച്ചത്. കിടപ്പാടം സ്വന്തമാക്കുന്നതിനായി പുന്നപ്ര സഹകരണ ബാങ്കിൽനിന്ന് രഞ്ജിത് ലാൽ 1.30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മുടക്കം വരുത്താതെ വായ്പ തിരിച്ചടച്ചിരുന്നു. ഇതിനിടയിലാണ് രണ്ട് പെൺമക്കളെ രഞ്ജിത് ലാലിന്റെ തണലിലാക്കി ശ്രീകല യാത്രയാകുന്നത്.
കോവിഡ് മഹാമാരിയിൽ വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടക്കാനായില്ല. ഇതോടെ 71,475 രൂപ കുടിശ്ശികയായി. ഇതിനിടെ കോവിഡ് ബാധിച്ച് രഞ്ജിത് ലാലും മരിച്ചു. കിടപ്പാടം നഷ്ടപ്പെടുമെന്നായതോടെ മക്കൾ രണ്ടുപേരെയും മാതൃസഹോദരി ശ്രീവിദ്യയും ഭർത്താവ് ജിജിമോനും അവരോടൊപ്പം കൊണ്ടുപോയി. രത്നമ്മ ജ്യേഷ്ഠസഹോദരിയുടെ മക്കളോടൊപ്പം താമസമാക്കി. പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ അംഗം ശിവൻ ഇവരുടെ ദയനീയാവസ്ഥ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി ശാന്താറാമിനോട് പറഞ്ഞു.
തുടർന്ന് കേരള ബാങ്ക് ഡയറക്ടർ സത്യപാലൻ ഇടപെട്ടതിനെ തുടർന്ന് പുന്നപ്ര സഹകരണ ബാങ്ക് മാനേജർ പലിശയിനത്തിൽ 36,156 രൂപ ഒഴിവാക്കി. എങ്കിലും ബാക്കിത്തുക അടക്കാൻ മാർഗമില്ലാതെ രത്നമ്മ രണ്ട് കൊച്ചുമക്കളോടൊപ്പം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. തുടർന്നാണ് ട്രേഡ് യൂനിയന്റെ ലയന സമ്മേളനത്തിന് സ്വരുക്കൂട്ടിയ തുകയിൽനിന്ന് ഈ കുടംബത്തെ സഹായിക്കാൻ തീരുമാനിച്ചത്. വായ്പയെടുത്ത ഇനത്തിൽ തിരിച്ചടക്കാനുള്ള 32,568 രൂപ അടച്ച് ആധാരം ആദിത്യയെയും ഹദ്യയേയും തിരിച്ചേൽപിച്ചു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എയുടെ സാന്നിധ്യത്തിലാണ് കിടപ്പാടത്തിന്റെ രേഖകൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.