അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പൊഴിമുറിക്കലിന്റെ പേരിൽ മണൽഖനനം തകൃതിയായിട്ടും കുട്ടനാടിനെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാനാകുന്നില്ല. കുട്ടനാടിന്റെ രക്ഷക്കായാണ് തോട്ടപ്പള്ളി പൊഴിമുഖം വീതികൂട്ടാനും അടിഞ്ഞുകൂടുന്ന മണൽ നീക്കാനുമുള്ള നടപടികൾ വർഷങ്ങളായി നടന്നുവരുന്നത്. കാലവർഷങ്ങളിൽ കുട്ടനാട്ടുകാർ വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്നതല്ലാതെ ശാശ്വതപരിഹാരമാകുന്നില്ല. 1954 മുതൽ ജലസേചന വകുപ്പ് നേരിട്ട് കരാർ ക്ഷണിച്ച് പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി കളയുകയായിരുന്നു ചെയ്തിരുന്നത്. വെള്ളം ഒഴുകി മാറിയശേഷം പൊഴി അടഞ്ഞില്ലെങ്കിൽ മണൽചാക്ക് വെച്ച് അടക്കുകയും ചെയ്തിരുന്നു. നാല് വർഷമായി കരിമണൽ കമ്പനികൾക്കാണ് പൊഴിമുറിക്കുന്ന ജോലി കരാർ നൽകിവരുന്നത്.
ഇവർ കുട്ടനാടിന്റെ ജീവനെയല്ല, കറുത്തപൊന്നിനെയാണ് ലക്ഷ്യമിട്ടത്. കരിമണൽ കമ്പനികൾ നടത്തുന്ന അശാസ്ത്രീയ പൊഴിമുറിക്കലിൽ കുട്ടനാടും തീരവും തകരുന്നു. സ്പിൽവേയിലെ 40 ഷട്ടറുകളിൽ പകുതിയോളം പ്രവർത്തിക്കുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ട് പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ പൈലിങ് ജോലികൾ നടന്നുവരുകയാണ്. ഇവിടെ നിന്ന് നീക്കുന്ന മണലും എക്കലും ഷട്ടറിനോട് ചേർന്നാണ് തള്ളുന്നത്. ഇത് നീക്കിയില്ലെങ്കിൽ നീരൊഴുക്കിന് തടസ്സമാകും. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ ഉയർന്ന റോഡുകളും പാലങ്ങളും നിർമിക്കുന്നുണ്ടെങ്കിലും വേണ്ടത് കായലുകളുടെ ആഴം കൂട്ടി നീരൊഴുക്ക് ശക്തിപെടുത്തുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കിഴക്കന്‍ ജില്ലകളില്‍ മഴ ശക്തമായാല്‍ മുങ്ങുന്നത് കുട്ടനാടാണ്. വെള്ളം ഒഴുകി കടലില്‍ എത്തേണ്ട കായലുകളും നദികളും പൊഴികളും തോടുകളും എക്കല്നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള വെള്ളം പ്രധാനമായും ഒഴുകിയെത്തുന്നത് അച്ചന്‍കോവില്‍, പമ്പ, മീനച്ചില്‍, മൂവാറ്റുപുഴ നദികളിലൂടെയാണ്. ഈ വെള്ളം വിവിധ കൈവഴികളിലൂടെ സംഗമിച്ച് അറബിക്കടലില്‍ പതിക്കുന്നതിന് നേരിടുന്ന തടസ്സമാണ് കുട്ടനാടിനെ മുക്കുന്നത്. നിലവിൽ തോട്ടപ്പള്ളി കനാലും കായംകുളം കായലും തണ്ണീര്‍മുക്കം ബണ്ടുമാണ് അറബിക്കടലിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ.
മറ്റ് നിരവധി പൊഴികളും തോടുകളും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം വികസനപാതയുടെ ഭാഗമായി മൺമറഞ്ഞു. തോട്ടപ്പള്ളി പൊഴിമുഖം ആഴവും വീതിയും കൂട്ടുകയല്ലാതെ ഉൾനാടൻ തോടുകളും ചാലുകളും എക്കൽ നീക്കി നീരാഴുക്ക് സുഗമമാക്കാനുള്ള ഒരു നടപടിയും ഇറിഗേഷന്‍ വിഭാഗം ചെയ്യുന്നില്ല. സ്പില്‍വേ കനാലിലൂടെയുള്ള നീരൊഴുക്ക് കുറവായതിനാല്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങുന്നതോടൊപ്പം അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളിൽ മടവീഴ്ചയും പതിവാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാലത്തിന്റെ ഡ്രഡ്ജിങ്.
കിഴക്കൻ വെള്ളത്തിന്റെ വരവ് നിയന്ത്രിച്ച് കടലിലേക്കൊഴുക്കാൻ 2019 മുതലാണ് കരാര്‍ നല്കിതുടങ്ങിയത്. 2020 മേയ് മുതലാണ് മണലും എക്കലും നീക്കുന്ന ജോലി ആരംഭിച്ചത്. തുടക്കത്തില്‍ ജലസേചന വകുപ്പ് നേരിട്ട് കരാര്‍ കൊടുത്തിരുന്നെങ്കിലും പിന്നീടാണ് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍, ഐ.ആര്.ഇ എന്നീ കമ്പനികൾ ആഴം കൂട്ടല്‍ പണം വാങ്ങാതെ ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്കി ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ ലക്ഷ്യം വെച്ചിരുന്നത് കരിമണലായിരുന്നു. മാസങ്ങള്‍ക്ക് ശേഷം കനാലിന്റെ ആഴംകൂട്ടല്‍ പൊതുമേഖലാ സ്ഥാപനം നിര്‍ത്തിവെച്ചു. പിന്നീട് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു. ഇവര്‍ക്ക് വെള്ളമണ്ണിലായിരുന്നു കണ്ണ്. ഇറിഗേഷന്‍ വകുപ്പ് ഇവര്‍ക്കും ഒത്താശ നൽകി. വെള്ളമണ്ണ് ട്രഡ്ജ് ചെയ്യാനുള്ള യന്ത്രമാണ് ഇവര്‍ ഉപയോഗിച്ച് പോരുന്നത്. ഗ്രാബര്‍ യന്ത്രം ഉപയോഗിച്ചാല്‍ മാത്രമേ ചളിയും എക്കലും നീക്കം ചെയ്യാനാകൂവെന്ന് നാട്ടുകാരും കരിമണൽ ഖനന വിരുദ്ധ സമരക്കാരും ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച നിർദേശം ഉയര്‍ത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന ആരോപണവും ഇറിഗേഷന്‍ വകുപ്പ് മേധാവികള്‍ക്കെതിരെ ഉയരുന്നുണ്ട്.
വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ 11 കിലോമീറ്റർ ആഴം കൂട്ടല്‍ ജോലി തുടങ്ങിയെങ്കിലും വീയപുരത്തും തോട്ടപ്പള്ളി സ്പിൽവേയുടെ കിഴക്ക് ഭാഗത്തും മണ്ണ് എടുക്കുന്ന ജോലി മാത്രമാണ് നടക്കുന്നത്. ഖനനം നിമിത്തം പൊഴിമുഖം ആഴം കൂടിയതോടെ വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കയറുന്നത് നെല്‍കൃഷിയെ ബാധിച്ചു. പല പാടശേഖരങ്ങളിലും ഓരുവെള്ളം കയറി വിത്ത് കിളിര്‍ക്കാതിരുന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തകരാറിലായ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിലുള്ള വീഴ്ചയും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനോടൊപ്പം ഓരുവെള്ളം കയറുന്നതിനും സാഹചര്യമൊരുക്കുന്നുണ്ട്. പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ആഴം കൂട്ടുന്നത് സ്പില്‍വേ പാലത്തിനും ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതൊന്നും കാര്യമാക്കാതെയാണ് കരിമണല്‍ ലോബി മണല്‍ഖനനം നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.