അമ്പലപ്പുഴ: 17 ദിവസംകൊണ്ട് ജില്ലയിൽ തെരുവുനായുടെ കടിയേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത് 362 പേർ. ആലപ്പുഴ നഗരത്തിൽ മാത്രം 19 പേർക്ക് കടിയേറ്റു. മാവേലിക്കരയിൽ 123 പേർക്കും. ഭരണിക്കാവ് പി.എച്ച്.സിയിൽ മൂന്നുപേരെ പ്രവേശിപ്പിച്ചു.
മേഖലയിൽ നായുടെ ആക്രമണത്തിന് ഇരയാകുന്ന പലരും ചികിത്സ തേടിയെത്തുന്നത് കായംകുളം, നൂറനാട്, ചുനക്കര ആശുപത്രികളിലേക്കാണ്. ഹരിപ്പാട്ട് ഈ മാസം 109 പേർക്കാണ് നായുടെ കടിയേറ്റത്. ഇതിൽ തെരുവുനായുടെ കടിയേറ്റത് 32 പേർക്കും.
ചെങ്ങന്നൂർ, എടത്വ മേഖലകളിൽ ഈ മാസം നായുടെ കടിയേറ്റത് മൂന്നുപേർക്ക് വീതമാണ്. കുട്ടനാട്ടിൽ 25 പേർക്കും ചാരുംമൂട്ടിൽ ഒരാൾക്കും കടിയേറ്റു. കായംകുളത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഈയിടെ തെരുവുനായ് കടിച്ചിരുന്നു.
പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന ചെട്ടികുളങ്ങര സ്വദേശി രഘുവിനാണ് കടിയേറ്റത്. വളർത്തുനായ്‌കൾക്കുള്ള പ്രതിരോധ വാക്സിൻ ജില്ലയിൽ സ്റ്റോക്കുള്ളത് 35,000 ഡോസാണ്. ഏപ്രിലിൽ ആവശ്യപ്പെട്ടതനുസരിച്ച് 60,000 സ്റ്റോക്കാണ് എത്തിയത്. അത് അന്നുതന്നെ വിവിധ മൃഗാശുപത്രികളിലേക്ക് നൽകിയിരുന്നു. സംസ്ഥാനത്തേക്ക് 28ന് നാലുലക്ഷം വാക്സിൻ എത്തുമെന്നാണ് കരുതുന്നത്. ഇതിൽനിന്ന് ഒരുലക്ഷം ജില്ലയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ വാക്സിൻ കുറവായതിനാൽ കഴിഞ്ഞ ദിവസം 1000 ഡോസ് ആലപ്പുഴ ജില്ലയിൽനിന്നാണ് നൽകിയത്. പേവിഷബാധക്ക് എതിരെയുള്ള വാക്സിൻ ജില്ലയിൽ ചിലയിടത്ത് സ്റ്റോക്കില്ല.
എടത്വയിൽ സ്കൂൾ വിദ്യാർഥിക്ക് വാക്സിനെടുക്കാൻ വീട്ടുകാർക്ക് ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റോക്കുണ്ടെങ്കിലും ചിലർക്ക് ടെസ്റ്റ് ഡോസ് എടുക്കുമ്പോൾ അലർജി ഉണ്ടായാൽ മരുന്ന് സ്വകാര്യ മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി നൽകിയാലേ കുത്തിവെപ്പ് എടുക്കാനാവൂ.
ഇതിന് മെഡിക്കൽ ഷോപ്പുകൾ 1500 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. ഭരണിക്കാവ് പി.എച്ച്.സിയിൽ അഞ്ച് ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം തുടങ്ങിയ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ മൂന്നുദിവസത്തേക്ക് വീതമാണ് സ്റ്റോക് എത്തിക്കുന്നത്. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഇമ്യൂണോ ഗ്ലോബുലിൻ സ്റ്റോക്കില്ല. കലവൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ തീർന്നിട്ട് രണ്ടാഴ്ചയായി. വള്ളികുന്നം പഞ്ചായത്തിൽ നാളുകളായി വാക്സീൻ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.