അമ്പലപ്പുഴ: തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമിക്കാൻ ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുക 10 കോടി രൂപ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷൻ (ആർ.ബി.ഡി.സി.കെ) നടത്തിയ കണക്കെടുപ്പിലാണ് തുക തിട്ടപ്പെടുത്തിയത്. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കും എടത്വ വികസന സമിതിക്കും നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. തകഴി റെയിൽവേ ക്രോസ് മേല്‍പാലം സമ്പാദക സമിതി സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് ആർ.ബി.ഡി.സി.കെ പഠനം നടത്തിയത്.
തകഴിയിൽ റെയില്‍വേ മേൽപാലം നിർമിക്കാനും ഭൂമി ഏറ്റെടുക്കലിനും കൂടി 30 കോടി അനുവദിക്കുന്ന കാര്യം സര്‍ക്കാർതലത്തിൽ തീരുമാനിക്കേണ്ടതാണെന്നും ആർ.ബി.ഡി.സി.കെയെ പദ്ധതി നടത്തിപ്പ് ഏൽപിച്ചാലേ തുടര്‍നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മേല്‍പാലം നിര്‍മിക്കാൻ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ചെലവിന്റെ പകുതി വീതം റെയില്‍വേയും സംസ്ഥാന സര്ക്കാന്റും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേല്‍പാലത്തിന് 35.94 കോടിയാണ് കണക്കാക്കുന്നത്. ആദ്യഘട്ട ജോലിക്ക് സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമായ 17.97 കോടി അനുവദിക്കേണ്ടതുണ്ട്. റെയില്‍വേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും പാലം നിർമിക്കാൻ ധാരണാപത്രത്തിൽ ഒപ്പിടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടിരുന്നു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വര്‍ധിച്ചു വരുന്ന യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ തകഴി റെയില്‍വേ ക്രോസിൽ മേല്‍പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി നേതൃത്വത്തിൽ ആഗസ്റ്റ് മൂന്നിന് തകഴി റെയില്‍വേ ഗേറ്റിന് സമീപം നില്പ്പ സമരം നടത്തിയിരുന്നു. അടുത്ത ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷന് അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മേൽപാലം നിർമിക്കാൻ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് എടത്വ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.