അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സി.പി.എം നിലപാടിൽ സി.പി.ഐയിൽ അതൃപ്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നേട്ടം സി.പി.എം അംഗീകരിക്കാൻ തയാറാകുന്നില്ലെന്നാണ് സി.പി.ഐയുടെ പരാതി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സി.പി.എമ്മിലെ ചില നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ ചില അംഗങ്ങളുടെ ചിത്രംവെച്ചുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിലും അമർഷമുണ്ട്. കൂടാതെ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചാത്തുകളിൽ ഒരു പ്രസിഡൻറ് സ്ഥാനംപോലും നൽകാൻ സി.പി.എം നേതൃത്വം തയാറായില്ല.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ മൂന്നിൽ രണ്ടിലും സി.പി.ഐ ജയിച്ചു. കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനം പങ്കിട്ടിരുന്നു. ഇത്തവണ ഇതിന് തയാറായില്ല. വനിതസംവരണമായ ഇവിടെ വൈസ് പ്രസിഡൻറ് സ്ഥാനവും സി.പി.എം സ്വന്തമാക്കാനാണ് ലക്ഷ്യം. കോൺഗ്രസിെൻറ കുത്തക സീറ്റുകളാണ് സി.പി.ഐ പിടിച്ചെടുത്തത്. അതിെൻറ പരിഗണനപോലും സി.പി.എം നേതൃത്വം നൽകാത്തതിൽ കടുത്ത അമർഷം സി.പി.ഐക്കുണ്ട്.
ആലപ്പുഴ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച അഞ്ചിടത്ത് നാലിലും സി.പി.ഐ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ ഡിവിഷൻ സി.പി.ഐ തിരിച്ചുപിടിച്ചു. ഭൂരിപക്ഷം കണക്കിലെടുത്താൽ മൂന്നാം സ്ഥാനവും നേടാനായി. സി.പി.ഐക്ക് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സി.പി.ഐക്ക് നൽകണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. കൂടാതെ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനവും സി.പി.ഐ അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.