അമ്പലപ്പുഴ: ആത്മഹത്യ ചെയ്ത കർഷകൻ വണ്ടാനം നീലികാട്ട് ചിറയിൽ കെ.ആർ. രാജപ്പെൻറ വീട് വിവിധ രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ചു. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. എം. ലിജു ആവശ്യപ്പെട്ടു.
നെൽവില ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യയുടെയും മകെൻറയും ചികിത്സക്കുപോലും ബുദ്ധിമുട്ടുകയായിരുന്നു ഇദ്ദേഹം. മരണത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണം. രാജപ്പെൻറ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജപ്പെൻറ വീട് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സന്ദർശിച്ചു. ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളുമായി സംസാരിച്ചു. മകെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക സഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആഞ്ചലോസ് പറഞ്ഞു. കൃഷി മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം നടത്തിയത്. മന്ത്രി പിന്നീട് എത്തുമെന്നും ആഞ്ചലോസ് പറഞ്ഞു.
അമ്പലപ്പുഴ: കടബാധ്യതയും മാനസിക സംഘര്‍ഷവുംമൂലം ആത്മഹത്യ ചെയ്ത ഗൃഹനാഥെൻറ വീട്ടിൽ കിസാൻ കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ലാൽ വർഗീസ് കൽപകവാടി സന്ദർശനം നടത്തി. മരണത്തിന് സർക്കാറും ബാങ്കുകളുമാണ് മരണത്തിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിമന്ത്രിയുടെ ജില്ലയിലാണ് ഈ ദുരന്തം. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, അമ്പു വൈദ്യൻ, ജില്ല പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, ജില്ല ജനറൽ സെക്രട്ടറി സാബു വെള്ളാപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി, നിസാർ വെള്ളാപ്പള്ളി എന്നിവരും ഒപ്പമുണ്ടായി.
അമ്പലപ്പുഴ: കടബാധ്യതയും മാനസിക സംഘര്‍ഷവും മൂലം കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വണ്ടാനത്ത് പ്രതിഷേധ പ്രകടനം നടത്തി. നെല്ലുവില കിട്ടാതിരുന്നതാണ് ആത്മഹത്യക്ക് വഴിയൊരുക്കിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽനിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപം സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ. സനൽകുമാർ, എ.ആർ. കണ്ണൻ, സുരേഷ് ബാബു, വി. ദിൽജിത്, എം. ബൈജു, ഡി.പി. ബാബു, യു.എം. കബീർ, ഷിത ഗോപിനാഥ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ: കൊയ്ത നെല്ല് സിവിൽ സപ്ലൈസിന് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് വില നൽകാത്തതിൽ കേരള കർഷക യൂനിയൻ (ജേക്കബ്) പ്രതിഷേധിച്ചു. കടബാധ്യതയും തുടർന്നുള്ള മാനസിക സംഘർഷത്തിലും കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് സിവിൽ സപ്ലൈസ്, കൃഷി മന്ത്രിമാർ രാജിവെക്കണമെന്ന് കേരള കർഷക യൂനിയൻ (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സാബു വള്ളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് നൈനാൻ തോമസ് ഉദ്ഘാടനം ചെയ്തു. പി.ബി. സപ്രു, കെ.എൻ. സാംസൺ, ആൻഡ്രൂസ് റൊസാരിയോ, തോമസ്കുട്ടി തുരുത്തുമാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.