അമ്പലപ്പുഴ: ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും പൊട്ടിപ്പൊളിയുന്നിടം അറ്റകുറ്റപ്പണി നടത്തണമെന്നുമുള്ള കലക്ടറുടെ നിർദേശവും പാലിക്കുന്നില്ല. ഇതോടെ പുന്നപ്രക്കും വണ്ടാനത്തിനുമിടയിൽ ദേശീയപാത മരണക്കെണിയായി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇരുഭാഗങ്ങളും ഗ്രാവൽ നിറച്ച് പൊക്കിയതോടെ മഴയത്ത് റോഡിൽ വെള്ളം കെട്ടിക്കിടന്ന് കുണ്ടും കുഴിയും രൂപപ്പെട്ടു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തിയെങ്കിലും പെയ്ത മഴയിൽ പല ഭാഗത്തും മെറ്റലും ടാറും ഒലിച്ചുപോയതോടെ വൻ കുഴി രൂപപ്പെട്ടു. റോഡിന്റെ വശങ്ങളിലെ വെള്ളക്കെട്ടും കുഴിയും അറിയാതെ വരുന്ന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്. കരാർ കമ്പനി വെള്ളക്കെട്ടിന് പരിഹാരം കാണെണമെന്നും റോഡിലെ കുണ്ടുംകുഴിയും സമയബന്ധിതമായി പരിഹരിക്കണമെന്നുമായിരുന്നു കലക്ടറുടെ നിർദേശം നൽകിയിരുന്നത്. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ല.
പുന്നപ്ര ചന്ത ജങ്ഷനിൽ ടാറിങ്ങിനു പകരമായി ഇട്ട ഇന്റർലോക്ക് പല ഭാഗത്തും ഇളകിപ്പോയതിനാൽ ഇവിടെയും അപകടങ്ങൾ പതിവായി. മിൽമയുടെ മുന്നിലും മെഡിക്കൽ കോളജിനും ആശുപത്രിയുടെ മുഖ്യകവാടത്തിന്റെ ഇരുവശവും ദേശീയപാതയിലെ കുഴികൾ അടച്ചിട്ടില്ല.
എച്ച്. സലാം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് രണ്ടുതവണ കാക്കാഴം പാലത്തിലെ കുഴികൾ മെറ്റലും സിമന്റും ഉപയോഗിച്ച് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവിടം വീണ്ടും കുഴികൾ രൂപപ്പെട്ടു. എന്നാൽ, പുന്നപ്ര ഭാഗത്ത് മാസങ്ങളായി റോഡ് അപകടക്കെണിയായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.