ചെങ്ങന്നൂർ: നഗരസഭ ഓഫിസ് കെട്ടിടത്തിൽ തീപിടിച്ചു. തീ അണക്കാനെത്തിയ നാല് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചെങ്ങന്നൂർ അഗ്നിരക്ഷാസേന ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ഷഫീക്ക് അലിഖാൻ (42), ബി.എസ്. ശ്യാംകുമാർ (30), എസ്. അരുൺകുമാർ (35), തിരുവല്ല സ്റ്റേഷനിലെ പ്രദീപ്കുമാർ (32), നാട്ടുകാരനായ കരുവേലിപ്പടി പാലങ്ങാട്ടിൽ രഞ്ജി പി. വർഗീസ് (38) എന്നിവരെയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ താഴത്തെ നിലയിലെ ശുചീകരണ ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡറുകളും സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്.
ബ്ലീച്ചിങ് പൗഡർ, ലോഷനുകൾ എന്നിവയിലുണ്ടായ രാസമാറ്റത്തിലൂടെയാകാം തീപടർന്നതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10ന് ഒന്നാംനിലയിലെ ഓഫിസ് കെട്ടിടത്തിലേക്ക് പുക ഉയർന്നതോടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. 500 കിലോയോളം ബ്ലീച്ചിങ് പൗഡർ, ചൂലുകൾ, ബ്രഷുകൾ, ലോഷനുകൾ തുടങ്ങിയവ കത്തിനശിച്ചു. നഗരസഭ ജീവനക്കാരും വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
ചെങ്ങന്നൂർ സ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫ്, തിരുവല്ല സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. സിയാദ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു യൂനിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി. പകൽ തീപടർന്നതിനാലാണ് വൻ അപകടവും നാശനഷ്ടവും ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.