ആലപ്പുഴ: ജില്ല കോടതിപ്പാലം പുനർനിർമാണത്തിന്റെ ഭാഗമായി നഗരമധ്യത്തിലെ 11 വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചു. വാടക്കനാലിന്റെ തെക്കുഭാഗത്തെ 10 സ്ഥാപനങ്ങളും വടക്കുഭാഗത്തെ ഒരുകടയുമാണ് ഒഴിപ്പിച്ചത്. ഹോട്ടൽ, ബേക്കറി, തട്ടുകട, പച്ചക്കറി, സ്റ്റേഷനറി, പഴവർഗങ്ങൾ ഉൾപ്പെടെയുള്ള കടകൾക്ക് നോട്ടീസ് നൽകിയാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥർ ഒഴിപ്പിക്കാൻ എത്തിയപ്പോൾ വ്യാപാരികൾ എതിർത്തു.
നിലവിൽ ഒഴിപ്പിക്കലിനെതിരെ കോടതിയിൽ പരാതിയുണ്ടെന്ന് വ്യാപാരികൾ വാദിച്ചെങ്കിലും പൊതുമരാമത്ത്, നഗരസഭ, പൊലീസ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് നേരിയ ബഹളത്തിനും വാക്കേറ്റത്തിനും കാരണമായി. പിന്നീട് പൊലീസ് സാന്നിധ്യത്തിലാണ് കടകളിലെ സാധങ്ങൾ ഓരോന്ന് എടുത്തുമാറ്റി ഒഴിപ്പിച്ചത്. നേരത്തെ നോട്ടീസ് നൽകിയതിനാൽ ഒഴിപ്പിക്കൽ നടപടികളോട് കച്ചവടക്കാർ പൂർണമായും സഹകരിച്ചുവെന്ന് നഗരസഭ അധികൃതർ പറഞ്ഞു. അതേസമയം, നഗരസഭക്ക് കൃത്യമായി വാടക നൽകികൊണ്ടിരുന്ന സ്ഥാപനങ്ങൾ വേണ്ടത്ര ചർച്ച നടത്താതെയാണ് പൊളിച്ചതെന്ന് വ്യാപാരികൾ ആരോപിച്ചു. ഇതുസംബന്ധിച്ച പരാതി കോടതിയിൽ നിലവിലുണ്ട്. സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരവും വ്യാപാരികളുടെ പുനരധിവാസവും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പായിട്ടില്ല. കിഫ്ബി വഴി വ്യാപാരികൾക്ക് നൽകേണ്ട ഫണ്ട് കൈമാറിയെന്ന് പറയുമ്പോഴും നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇവർ പറഞ്ഞു. സ്ഥാപനങ്ങളിലെ മേശ, കസേര അടക്കമുള്ള ഫർണിച്ചറും സാധനസാമഗ്രികളും വ്യാപാരികൾ എടുത്തുമാറ്റി. റോഡരികിലെ ഒഴിപ്പിക്കൽ നേരിയതോതിൽ ഗതാഗതക്കുരുക്കിനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.