ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യാതപമേറ്റ് പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്. ജില്ലയിലെ ചിലസ്ഥലങ്ങളില്‍നിന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രണ്ട്-നാല് ഗ്ലാസ് വെള്ളവും ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം. കട്ടികുറഞ്ഞ വെളുത്തതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറിനിന്ന് വെള്ളം കുടിക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തും മരത്തണലിലും വിശ്രമിക്കുക. പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (നാല് വയസ്സിനു താഴെയുള്ളവര്‍) മറ്റ് രോഗങ്ങളാൽ ചികിത്സയെടുക്കുന്നവരും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക. സൂര്യാഘാത സംശയം തോന്നിയാല്‍ ഉടന്‍ ജോലിയിൽനിന്ന് (വെയിലുള്ള സ്ഥലത്തുനിന്ന്) മാറി തണുത്ത സ്ഥലത്ത് വിശ്രമിക്കണം. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.