സ്വർണക്കടത്ത് കേസ്: അപ്പീൽ ഹൈകോടതി 28ലേക്ക് മാറ്റി

കൊച്ചി: സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചതു സിംഗിൾബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി മാർച്ച് 28ന് പരിഗണിക്കാൻ മാറ്റി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദ വാദം നടത്തേണ്ടതുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ മാറ്റിയത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് രണ്ടു കേസെടുത്തിരുന്നെങ്കിലും ഇവ ഹൈകോടതി റദ്ദാക്കി. തുടർന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാൻ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ ജുഡീഷ്യൽ കമീഷനായി നിയമിച്ചത്.

ഈ നടപടി അന്വേഷണത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി കൊച്ചി സോണൽ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹരജിയിൽ ജുഡീഷ്യൽ അന്വേഷണം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. തുടർന്നാണ് സർക്കാർ അപ്പീൽ നൽകിയത്.

Tags:    
News Summary - Gold smuggling case The High Court moved the appeal to 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.