ഇടുക്കിയുടെ മലമടക്കുകൾ ഏറെ ദുർഘടമായിരുന്ന കാലത്ത് പ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങി ജീവിക്കാനും കഴിയുന്നത്ര പരിസ്ഥിതിയെ സേവിക്കാനും ഏറെ ഇഷ്ടപ്പെട്ട് തൊഴിൽ മേഖലയായി ഇടുക്കി തെരഞ്ഞെടുത്ത ഒരു നാഗർകോവിലുകാരൻ.... നീണ്ട 31 വർഷം തനിക്ക് ഒട്ടും പരിചയമില്ലാത്ത പ്രകൃതിയുടെ മറ്റൊരു പരിതസ്ഥിതിയെ നേരിട്ട് ഔദ്യോഗിക കർത്തവ്യം നിർവഹിച്ചും ഏറെ ഇഷ്ടപ്പെട്ട സഹ്യന്റെ താഴ്വരകൾക്ക് ആവുന്നത്ര സംരക്ഷണം നൽകിയും കുടിയേറ്റജനതയിൽ ഒരുവനായി ജീവിച്ച വെറ്ററിനറി സർജൻ ഡോ. എം. അബ്ദുൽ ഖാസിം ഇന്ന് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു.
വെറ്ററിനറി സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. ഖാസിം ജില്ല മൃഗസംരക്ഷണ ഓഫിസറായാണ് വിരമിക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം വെറ്ററിനറി ഡിസ്പെൻസറിയിലാണ് സേവനം ആരംഭിച്ചത്. തുടർന്ന് കുമളി, വളക്കോട്, കട്ടപ്പന, തടിയംപാട്, കൽത്തൊട്ടി, ചക്കുപള്ളം, മുണ്ടിയെരുമ തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു.
ഇതിൽ ചക്കുപള്ളം, കട്ടപ്പന എന്നിവിടങ്ങളിൽ പ്രമോഷനോടെ രണ്ടാമതും എത്തി. ജില്ല മൃഗസംരക്ഷണ ഓഫിസറായി ഏതാനും മാസമായി തിരുവനന്തപുരത്താണ്. ഈ കുറഞ്ഞ മാസങ്ങൾ മാത്രമാണ് ഇടുക്കി ജില്ലയിൽനിന്ന് ഡോ. ഖാസിം മാറിനിന്നിട്ടുള്ളൂ. നാഗർകോവിൽ കൃഷ്ണൻകോവിൽ സ്വദേശിയായ ഖാസിം ചെറുപ്പകാലം മുതൽ മൃഗങ്ങളോട് പ്രത്യേകം വാത്സല്യം പ്രകടിപ്പിച്ചിരുന്നു.
നാമക്കൽ വെറ്ററിനറി കോളജിൽനിന്ന് പഠനം പൂർത്തിയാക്കി പി.എസ്.സി വഴിയാണ് കേരളത്തിൽ ജോലിക്ക് കയറുന്നത്.തികച്ചും സൗഹൃദപരമായിരുന്നു കഴിഞ്ഞുപോയ തൊഴിൽവർഷങ്ങളെന്ന് അദ്ദേഹം സ്മരിക്കുന്നു. സഹീലബാനുവാണ് ഭാര്യ. ഹനീഷ ഫാത്തിമ, ഹസ്ന സുലൈഖ എന്നിവർ മക്കളാണ്.
30 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം മൃഗസംരക്ഷണ വകുപ്പിൽനിന്ന് വിരമിക്കുന്ന ഡോ. അബ്ദുൽ ഖാസിമിന് മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ല ഘടകത്തിന്റെ എല്ലാവിധ ആശംസകളും അനുമോദനങ്ങളും അറിയിക്കുന്നു- ഡോ. ജി. സജികുമാർ (ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ, ഇടുക്കി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.