തൊടുപുഴ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിൽ 3182 കുടുംബങ്ങൾ. അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ സർവേയിലെ പ്രാഥമിക കണക്കനുസരിച്ചാണിത്. സർവേ നടക്കാനിരിക്കുന്ന ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കണക്കെടുപ്പ് കൂടി പൂർത്തിയാകുമ്പോൾ എണ്ണത്തിൽ നേരിയ വർധനയുണ്ടാകും.
അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ പദ്ധതിയുടെ ഭാഗമായാണ് വിവരശേഖരണം. ജില്ലയിൽ സർവേയുടെ 99 ശതമാനവും പൂർത്തിയായതായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇടമലക്കുടിയിലെ വിവര ശേഖരണം മാത്രമാണ് ശേഷിക്കുന്നത്. സർവേ ഇതിനകം പൂർത്തിയാകേണ്ടതാണെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഇടമലക്കുടിയിലെ വിവരശേഖരണത്തിന് സമയം നീട്ടിനൽകുകയായിരുന്നു.
രണ്ട് സംഘങ്ങളെ നിയോഗിച്ച് ഇവിടുത്തെ കണക്കെടുപ്പ് പൂർത്തിയാക്കി ഈമാസം തന്നെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. അതിദരിദ്ര വിഭാഗത്തിൽ വരുന്ന 22 കുടുംബങ്ങൾ ഇടമലക്കുടിയിൽ ഉള്ളതായാണ് പ്രാഥമിക നിഗമനം. എന്യൂമറേറ്റർമാർ നേരിട്ട് എല്ലാ കുടികളും സന്ദർശിച്ചാകും വിവരശേഖരണം നടത്തുക. സർവേ നടപടികളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി മുന്നിലാണെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു. നിലവിലെ കണക്ക് പ്രകാരം കോട്ടയവും കാസർകോടും കഴിഞ്ഞാൽ അതിദരിദ്ര കുടുംബങ്ങൾ ഏറ്റവും കുറവുള്ള ജില്ലയാണ് ഇടുക്കി.
ദാരിദ്ര്യം ഇല്ലാതാക്കാൻ അഞ്ചുവർഷം
സർവേ പൂർത്തിയായാൽ ശേഖരിച്ച വിവരങ്ങളുടെ സൂക്ഷ്മവും വിശദവുമായ പരിശോധന (സൂപ്പർ ചെക്കിങ്) നടക്കും. തുടർന്ന് പഞ്ചായത്ത്തലത്തിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് ആക്ഷേപം സമർപ്പിക്കാൻ ഏഴുദിവസം അനുവദിക്കും.
ആക്ഷേപങ്ങൾ പരിഹരിച്ചശേഷം ഗ്രാമസഭയിൽ അവതരിപ്പിച്ച് അംഗീകരിക്കും. അന്തിമപട്ടികയിൽ ഉൾപ്പെടുന്നവരുടെ ജീവിതനിലവാരം ഉയർത്താൻ ഉതകുന്ന സൂക്ഷ്മ പദ്ധതികൾക്ക് രൂപംനൽകുകയാണ് അടുത്തഘട്ടം. ഈ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.