കുടയത്തൂർ: മലങ്കര ജലാശയതീരത്തെ വനവത്കരണത്തിനെതിരെ നാട്ടുകാർ സമർപ്പിച്ച 140 ആക്ഷേപങ്ങൾക്ക് വനം വകുപ്പ് മറുപടി നൽകി. നിലവിൽ ഉപയോഗിക്കുന്ന നിർദിഷ്ട വനം പ്രദേശത്തെ കുളങ്ങൾ, കിണറുകൾ, വഴികൾ എന്നിവ തുടർന്നും ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് വനം വകുപ്പ്, സെറ്റിൽമെന്റ് ഓഫിസറായ ആർ.ഡി.ഒക്ക് മറുപടി നൽകിയത്. 450ലധികം പരാതികൾ ലഭിച്ചെങ്കിലും ഇരട്ടിപ്പുകളും മാസ് പെറ്റീഷനും ഒറ്റയായി പരിഗണിച്ചപ്പോൾ 140 എണ്ണമായി ചുരുങ്ങി. സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരാതികൾ ഒറ്റയായി പരിഗണിച്ചു. ആക്ഷേപങ്ങളും വനം വകുപ്പ് നൽകിയ മറുപടികളും ആർ.ഡി.ഒ പരിശോധിച്ചുവരുകയാണ്. ഉചിത നടപടി സ്വീകരിക്കുന്നത് സെറ്റിൽമെന്റ് ഓഫിസറായ ആർ.ഡി.ഒയാണ്.
മലങ്കര ജലാശയതീരത്തെ അറക്കുളം മുതൽ ശങ്കരപ്പള്ളി വരെ 130 ഏക്കർ ജലാശയതീരത്തെ ഭൂമിയാണ് വനം വകുപ്പിന് കൈമാറാൻ തീരുമാനിച്ചത്. 2022 ഡിസംബർ രണ്ടിനാണ് 130 ഏക്കർ ഭവനഭൂമിയാക്കി സർക്കാർ വിജ്ഞാപനം ഇറക്കിയത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിെൻറ (എം.വി.ഐ.പി) കൈവശത്തിലിരുന്ന ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുന്നത്. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിെൻറയും ഇടയിൽ വരുന്ന പ്രദേശമാണ് ഇത്. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിനുവേണ്ടി വനം വകുപ്പ് എം.വി.ഐ.പിക്ക് ഭൂമി വിട്ടുനൽകിയിരുന്നു. 52 ഹെക്ടർ ഭൂമിയാണ് വിട്ടുനൽകിയിരുന്നത്. ഇതിന് പകരമായി എം.വി.ഐയുടെ കൈവശത്തിലുള്ള ഭൂമി വിട്ടുനൽകാമെന്ന് അന്ന് കരാറും ചെയ്തിരുന്നു. കരാർപ്രകാരം മുട്ടം, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം മേഖലകളിലെ 52.59 ഹെക്ടർ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടികളാണ് നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.